ബഹ്‌റൈനിൽ‍ 12 മണിക്കൂറിനിടെയുണ്ടായ മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളിൽ‍ രണ്ട് മരണം


മനാമ: ബഹ്‌റൈനിൽ‍ 12 മണിക്കൂറിനിടെയുണ്ടായ മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളിൽ‍ രണ്ടുപേർ‍ മരിച്ചു. ശനിയാഴ്ചയാണ് അപകടങ്ങളുണ്ടായത്. ദുറാത്ത് അൽ‍ ബഹ്‌റൈനിലേക്കുള്ള കിങ് ഹമദ് ഹൈവേയിൽ‍ രണ്ട് വാഹനങ്ങൾ‍ തമ്മിൽ‍ കൂട്ടിയിച്ചുണ്ടായ അപകടത്തിൽ 30കാരനായ സ്വദേശി യുവാവ് മരിച്ചു. രണ്ട് വാഹനങ്ങളും അപകടത്തിൽ‍ തകർ‍ന്നു. രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു.

അൽ‍ ഫതഹ്‍ ഹൈവേയിലായിരുന്നു പ്രവാസിയുടെ മരണത്തിനിടെയാക്കിയ രണ്ടാമത്തെ അപകടം സംഭവിച്ചത്. 37കാരനായ ബംഗ്ലാദേശ് സ്വദേശി ബൈക്ക് യാത്രക്കാരൻ‍ മരിച്ചു. അപകടത്തെ തുടർ‍ന്ന് ആവശ്യമായ മേൽ‍നടപടികൾ‍ സ്വീകരിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉച്ചയ്‍ക്ക് 1.45നായിരുന്നു അപകടം. ഒരു കാർ‍, ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർ‍ത്താതെ ഓടിച്ച് പോവുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ‍ അറിയിച്ചത്. അപകടം നടന്ന് അഞ്ച് മണിക്കൂറിനകം നിർ‍ത്താതെ പോയ വാഹനത്തിന്‍റെ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മൂന്നാമത്തെ അപകടത്തിൽ‍ ജിസിസി പൗരൻ ഓടിച്ചിരുന്ന കാർ‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. ഷെയ്ഖ് ഈസ ബിൻ സൽ‍മാൻ ഹൈവേയിൽ‍ പുലർ‍ച്ചെ നാല് മണിയോടെയാണ് സംഭവം ഉണ്ടായത്. വാഹനത്തിന്റെ ടയർ‍ പൊട്ടുകയും നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. ജിസിസി പൗരൻ പരിക്കേൽ‍ക്കാതെ രക്ഷപ്പെട്ടു. വാഹനത്തിന് സാരമായ കേടുപാടുകൾ‍ ഉണ്ടായിട്ടുണ്ട്. അധികൃതർ‍ അന്വേഷണം ആരംഭിച്ചു.

You might also like

Most Viewed