സിനോഫാം ബൂസ്റ്റർ ഡോസ് പ്രതിരോധശേഷി കൂട്ടാൻ; ആശങ്ക വേണ്ടെന്ന് ബഹ്‌റൈൻ ദേശീയ കോവിഡ് പ്രതിരോധ സമിതി

മനാമ; ബഹ്റൈനിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സിനോഫാം വാക്സിൻ സ്വീകരിച്ചവരോട് ബൂസ്റ്റർ ഡോസ് എടുക്കാൻ ആവശ്യപ്പെടുന്നത് വാക്സിന്റെ പോരായ്മ കൊണ്ടല്ലെന്നും, മറിച്ച് പ്രതിരോധശേഷി വർദ്ധിപ്പിക്കാനാണെന്നും ദേശീയ കോവിഡ് പ്രതിരോധ സമിതി അംഗങ്ങൾ വ്യക്തമാക്കി. ഈ വാക്സിൻ സ്വീകരിച്ചവർക്ക് സിനോഫാം, ഫൈസർ ബയോൺടെക് എന്നിവയിൽ ഒന്ന് ബൂസ്റ്റർ ഡോസ് ആയി സ്വീകരിക്കാമെന്നും മറ്റ് വാക്സിനുകൾക്കും ബൂസ്റ്റർ ഡോസ് ഉണ്ടാകുമെന്നും ഇതുസംബന്ധിച്ച് പിന്നീട് പ്രഖ്യാപനം നടത്തുമെന്നും സിമിതി അംഗം ഡോ. മനാഫ് അൽ ഖഹ്ത്താനി പറഞ്ഞു. അതേസമയം സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാനുള്ള സമയപരിധി കുറച്ചിട്ടുണ്ട്. ഇത് പ്രകാരം ആപൽ സാധ്യത വിഭാഗത്തിലുള്ളവർക്ക് മൂന്നു മാസത്തിനുശേഷവും മറ്റുള്ളവർക്ക് ആറു മാസത്തിനുശേഷവും ബൂസ്റ്റർ ഡോസ് നൽകും. 50 വയസ്സിനു മുകളിലുള്ളവർ, അമിത വണ്ണമുള്ളവർ, പ്രതിരോധ ശേഷി കുറഞ്ഞവർ, കോവിഡ് പ്രതിരോധ മുൻനിര പോരാളികൾ എന്നിവരാണ് ഹൈറിസ്ക് വിഭാഗത്തിൽ ഉൾപ്പെടുന്നത്.