ഗൾഫ് രാജ്യങ്ങൾക്കിടയിൽ ചരക്കുനീക്കം സുഗമമാക്കാൻ പുതിയ സംവിധാനം; കസ്റ്റംസ് നടപടികൾ ലഘൂകരിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മേഖലയിലെ സവിശേഷമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള ചരക്കുനീക്കം വേഗത്തിലാക്കാൻ 'താൽക്കാലിക എക്സെപ്ഷണൽ ലോജിസ്റ്റിക്കൽ ട്രാൻസിറ്റ്' സംവിധാനം ഏർപ്പെടുത്തിയതായി ബഹ്റൈൻ കസ്റ്റംസ് മേധാവി ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ അറിയിച്ചു. ജിസിസി കസ്റ്റംസ് യൂണിയൻ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കൗൺസിലുടേതാണ് ഈ തീരുമാനം.
നിലവിലെ പ്രതിസന്ധികൾക്കിടയിലും വ്യാപാര ശൃംഖല തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും പ്രവർത്തന ചെലവ് കുറയ്ക്കുന്നതിനുമാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി പ്രധാന തുറമുഖങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് അതിവേഗ ലോജിസ്റ്റിക് ഇടനാഴി സ്ഥാപിക്കും. അതിർത്തികളിൽ കസ്റ്റംസ് ക്ലിയറൻസിനായി കാത്തുനിൽക്കാതെ തന്നെ സീൽ ചെയ്ത ട്രക്കുകൾ വഴി ചരക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ഇതിലൂടെ സാധിക്കും. കസ്റ്റംസ് അതോറിറ്റികൾ തമ്മിൽ രേഖകൾ മുൻകൂട്ടി കൈമാറുന്നതിനാൽ പരിശോധനാനടപടികൾ ലഘൂകരിക്കപ്പെടും.
ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, വേഗത്തിൽ കേടാകുന്ന ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായിരിക്കും ഈ സംവിധാനത്തിൽ മുൻഗണന നൽകുക. ചരക്കുനീക്കത്തിന്റെ വേഗതയ്‌ക്കൊപ്പം സുരക്ഷാ പ്രോട്ടോക്കോളുകളും കർശനമായി പാലിക്കും. ഗൾഫ് രാജ്യങ്ങൾക്കിടയിലെ സാമ്പത്തിക ഐക്യം ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര വിപണിയിൽ മേഖലയുടെ മത്സരക്ഷമത നിലനിർത്തുന്നതിനും ഈ പുതിയ സംവിധാനം സഹായകമാകുമെന്ന് കസ്റ്റംസ് മേധാവി വ്യക്തമാക്കി.
aa



