കൊയിലാണ്ടിക്കൂട്ടം പത്താം വാർഷികാഘോഷത്തിന് തുടക്കമായി

മനാമ: കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായി രൂപം കൊണ്ട്, ഇപ്പോൾ ഫേസ്‌ബുക്കിലും, കേരളാ സൊസൈറ്റി ആക്ട് പ്രകാരം രെജിസ്റ്റർ ചെയ്ത് ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി പതിനൊന്ന് ചാപ്റ്ററുകളോടെ പ്രവർത്തിക്കുന്ന കൊയിലാണ്ടിക്കൂട്ടം പത്താം വാർഷികാഘോഷത്തിന് തുടക്കമായി. മുൻ സുപ്രീം കോടതി ജഡ്ജ്, ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ടയച്ച ശബ്ദസന്ദേശം കൊയിലാണ്ടിക്കൂട്ടം ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചുകൊണ്ടാണ് പരിപാടികൾക്ക് തുടക്കമിട്ടത്.
കൊയിലാണ്ടിക്കൂട്ടം പത്താം വാർഷികത്തിന്റെ ലോഗോപ്രകാശനം പ്രശസ്ത സിനിമാ താരങ്ങളായ ലെന, സോണിയ മൽഹാർ, ജയരാജ് വാര്യർ, വിനോദ് കോവൂർ നിർമൽ പാലാഴി, ഗായകൻ ജാസി ഗിഫ്റ്റ്, എന്നിവർ ചേർന്ന് നിർവ്വഹിച്ചു. പത്താം വാർഷികത്തോടനുബന്ധിച്ച് വിവിധ ചാപ്റ്ററുകൾ ചേർന്ന് പത്ത് ചാരിറ്റി പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും കൊയിലാണ്ടിയുടെ ചരിത്രവും, പ്രശസ്തരായ എഴുത്തുകാരുടെയും അംഗങ്ങളുടെയും രചനകൾ, വിവിധ ചാപ്റ്ററുകളുടെ നാടുകളിലെ വിവരങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ച് സുവനീർ, കൊയിലാണ്ടി സർക്കാർ ആശുപത്രിയിൽ ഭക്ഷണ വിതരണം, ഓൺലൈനിലും ഓഫ് ലൈനിലുമായി ഒരുവർഷം നീണ്ട് നിൽക്കുന്ന വിവിധ കലാ സാംസ്കാരിക പരിപാടികൾ എന്നിവ നടക്കുമെന്നും കൊയിലാണ്ടിക്കൂട്ടം സ്ഥാപകനേതാവും ഗ്ലോബൽ ചെയർമാനുമായ ശിഹാബുദ്ധീൻ എസ്.പി.എച്ച്, വൈസ് ചെയർമാൻ പവിത്രൻ കൊയിലാണ്ടി, വിവിധ ചാപ്റ്റർ ചെയർമാന്മാരായ കെ.ടി സലിം, എ. അസീസ് മാസ്റ്റർ, ജലീൽ മഷ്ഹൂർ, ഫൈസൽ മൂസ, റാഫി കൊയിലാണ്ടി, ശിഹാബ് കൊയിലാണ്ടി, നിയാസ് അഹ്മദ്, ചന്ദ്രു പൊയിൽക്കാവ്, സൈൻ കൊയിലാണ്ടി എന്നിവർ അറിയിച്ചു.