നിർദ്ധനയായ ബഹ്റൈൻ പ്രവാസിക്ക് ‘പാപ്പാ സ്വപ്നഭവനം’ ഒരുങ്ങി; താക്കോൽദാനം നാളെ കോന്നിയിൽ
പ്രദീപ് പുറവങ്കര/മനാമ
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ (പാപ്പാ) നിർമ്മിച്ചു നൽകുന്ന 'സ്വപ്നഭവനം 2025' പദ്ധതിയുടെ താക്കോൽദാന ചടങ്ങ് നാളെ നടക്കും. കോന്നി മെഡിക്കൽ കോളേജിന് സമീപം പൂർത്തിയായ വീടിന്റെ താക്കോൽ രാവിലെ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ കൈമാറും.
ബഹ്‌റൈനിൽ ഗാർഹിക ജോലിക്കാരിയായി ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശിനിയായ നിർദ്ധനയായ ഒരു പ്രവാസി സഹോദരിക്കാണ് സംഘടന ഈ വീട് നിർമ്മിച്ച് നൽകുന്നത്. ബഹ്‌റൈനിലെ പ്രവാസി മലയാളികളുടെ സഹകരണത്തോടെയാണ് ഈ ജീവകാരുണ്യ പദ്ധതി യാഥാർത്ഥ്യമായത്.
ചടങ്ങിൽ പങ്കെടുക്കുന്നതിനായി അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു വി., ജനറൽ സെക്രട്ടറി സുനു കുരുവിള എന്നിവർ ബഹ്‌റൈനിൽ നിന്നും നാട്ടിലെത്തിയിട്ടുണ്ട്. രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. ബഹ്‌റൈനിലെ പ്രവാസികൾക്കിടയിൽ സജീവമായ 'പാപ്പാ'യുടെ ഏറ്റവും ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് ഈ വീട് നിർമ്മാണം.
awswasa
