ബഹ്റൈനിലേയ്ക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക് ; കുട്ടികൾക്കും പിസിആർ ടെസ്റ്റ് സെർട്ടിഫിക്കേറ്റ് നിർബന്ധം


പ്രദീപ് പുറവങ്കര
 
മനാമ : ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേയ്ക്ക് വരുന്ന എല്ലാ യാത്രക്കാരും നിർബന്ധമായും 48 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് സെർട്ടിഫിക്കേറ്റ് ഹാജരക്കണമെന്ന വ്യവസ്ഥ കർശനമായി ആരംഭിച്ചു. ഇത് പ്രകാരം കൈക്കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ളവർക്കും സെർട്ടിഫിക്കേറ്റ് നിർബന്ധമാണ്. പുതിയ നിയമം അറിയാതെ തിങ്കളാഴ്ച വൈകീട്ട് കോഴിക്കോടുനിന്നുള്ള ഗൾഫ് എയർ വിമാനത്തിൽ യാത്ര ചെയ്യാൻ എത്തിയ ഏതാനും പേരെ തിരിച്ചയച്ചു. തിങ്കളാഴ്ച അർധരാത്രി കഴിഞ്ഞ് ബഹ്റൈനിൽ എത്തുന്നതായതിനാലാണ് ഇൗ വിമാനത്തിലെ യാത്രക്കാർക്കും നിബന്ധന ബാധകമാക്കിയത്.   161 പേരാണ് ഈ വിമാനത്തിൽ യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്തിരുന്നത്. ഇതിൽ നാല് കുട്ടികൾക്ക് സർട്ടിഫിക്കറ്റ് ഇല്ലാത്തതും മൂന്ന് യാത്രക്കാർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റിന്റെ 48 മണിക്കൂർ സമയപരിധി കടന്നുപോയതുമാണ് പ്രശ്നമായത്.
 
നേരത്തേ ആറ് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബഹ്റൈൻ വിമാനത്താവളത്തിലെത്തിയതിന് ശേഷം കോവിഡ് പരിശോധന നടത്തണമെന്ന വ്യവസ്ഥയാണ് ഉണ്ടായിരുന്നത്. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് നെഗറ്റീവ് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.ഈ  സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡും ഉണ്ടായിരിക്കണമെന്ന നിബന്ധനയുമുണ്ട്. ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് യു.എ.ഇ വിലക്കേർപ്പെടുത്തിയതോടെ  നേരിട്ടുള്ള വിമാനസർവീസുകൾക്ക് ടിക്കറ്റ് നിരക്കും ഉയർന്നിട്ടുണ്ട്. ജോലി നഷ്ടപ്പെടൽ ഉൾപ്പടെയുള്ള പ്രശ്നങ്ങൾ കാരണം വല്ലവിധേനയും കൈയിലുള്ളതെല്ലാം വിറ്റ് പെറുക്കി ബഹ്റൈനിലേയ്ക്ക് എത്താനുള്ള ശ്രമത്തിലാണ് ആയിരക്കണക്കിന് പേർ.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed