ബഹ്‌റൈൻ വികസനക്കുതിപ്പിലേക്ക്; സൗദിയെയും ഖത്തറിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലങ്ങളുടെ നിർമ്മാണം വേഗത്തിലാക്കുന്നു
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈന്റെ സാമ്പത്തിക, സാമൂഹിക, സുരക്ഷാ മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന രണ്ട് സുപ്രധാന പാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അധികൃതർ തീരുമാനിച്ചു. ജി.സി.സി രാജ്യങ്ങളുടെ വികസന ഭൂപടത്തിൽ പുതിയ അധ്യായം കുറിക്കുന്ന ഈ പദ്ധതികൾ ബഹ്‌റൈനെ മേഖലയിലെ ഒരു പ്രധാന ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന രണ്ടാമത്തെ കരമാർഗ്ഗമായ 'കിങ് ഹമദ് കോസ്‌വേ', ബഹ്‌റൈനെയും ഖത്തറിനെയും ബന്ധിപ്പിക്കുന്ന 'സൗഹൃദ പാലം' എന്നിവയാണ് ഈ ബൃഹദ് പദ്ധതികൾ.
നിലവിലുള്ള കിങ് ഫഹദ് കോസ്‌വേയിലെ തിരക്ക് കുറയ്ക്കാനും വ്യാപാരം സുഗമമാക്കാനും ലക്ഷ്യമിടുന്ന കിങ് ഹമദ് കോസ്‌വേയ്ക്ക് 25 കിലോമീറ്റർ നീളമുണ്ടാകും. നാല് വരി പാതയ്ക്ക് പുറമെ ജി.സി.സി റെയിൽവേ ശൃംഖലയുടെ ഭാഗമായുള്ള ട്രെയിൻ പാതയും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇത് സൗദിയുമായുള്ള ചരക്ക്-യാത്രാ ഗതാഗതത്തിൽ വലിയ വിപ്ലവം സൃഷ്ടിക്കും.
മറ്റൊരു പ്രധാന പദ്ധതിയായ ഖത്തർ - ബഹ്റൈൻ പാലം യാഥാർത്ഥ്യമാകുന്നതോടെ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള യാത്രാസമയം നിലവിലെ അഞ്ച് മണിക്കൂറിൽ നിന്ന് വെറും 30 മിനിറ്റായി ചുരുങ്ങും. 40 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഈ പാലം വിമാന മാർഗ്ഗത്തേക്കാൾ കുറഞ്ഞ ചിലവിൽ ചരക്ക് നീക്കം സാധ്യമാക്കും. പ്രതിദിനം 50,000 ടൺ ചരക്ക് നീക്കം ട്രക്കുകൾ വഴി നടത്താൻ കഴിയുമെന്നാണ് ഔദ്യോഗിക കണക്കുകൂട്ടൽ.
വർഷം തോറും ഒരു കോടിയിലധികം സന്ദർശകർ ബഹ്‌റൈനിൽ എത്തുന്ന സാഹചര്യത്തിൽ, പുതിയ പാലങ്ങൾ ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യ മേഖലകൾക്ക് വലിയ കരുത്തേകും. ജി.സി.സി റെയിൽവേ ശൃംഖലയുമായി ബഹ്‌റൈൻ ബന്ധിക്കപ്പെടുന്നത് കൂടുതൽ അന്താരാഷ്ട്ര കമ്പനികളെയും നിക്ഷേപത്തെയും രാജ്യത്തേക്ക് ആകർഷിക്കാൻ സഹായിക്കും. ഭൂമിശാസ്ത്രപരമായ അതിരുകളെ വികസനത്തിനുള്ള അവസരങ്ങളാക്കി മാറ്റാനുള്ള ഗൾഫ് രാജ്യങ്ങളുടെ വലിയ ലക്ഷ്യമാണ് ഈ പദ്ധതികളിലൂടെ പൂർത്തിയാകുന്നത്. കേവലം യാത്രാ സൗകര്യം എന്നതിലുപരി, വരും തലമുറകൾക്ക് കൂടി ഗുണകരമാകുന്ന സുസ്ഥിരമായ ഒരു സാമ്പത്തിക വ്യവസ്ഥയ്ക്കാണ് ഈ പാലങ്ങൾ അടിത്തറയിടുന്നത്.
efer
