ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി ഓ​സ്ട്രേ​ലി​യ


കാൻബറ: കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഓസ്ട്രേലിയ താത്കാലിക വിലക്ക് ഏർപ്പെടുത്തി. മേയ് 15 വരെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ ഓസ്ട്രേലിയയിൽ ഇറങ്ങാൻ അനുവദിക്കില്ല. പൗരന്മാരുടെ സുരക്ഷയെ കരുതിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രതികരിച്ചു. ഐപിഎല്ലിൽ പങ്കെടുക്കുന്നതിനായി നിരവധി ഓസ്ട്രേലിയൻ താരങ്ങളും മുൻ താരങ്ങളും നിലവിൽ ഇന്ത്യയിലുണ്ട്. കോവിഡ് ഭീതി മൂലം നാട്ടിലേക്ക് മടങ്ങാൻ ഇവർ തീരുമാനിച്ചാലും ഇനി പ്രത്യേക വിമാനത്തിന് ഓസ്ട്രേലിയൻ സർക്കാർ അനുമതി നൽകേണ്ടി വരും. കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് ഓസീസ് താരങ്ങൾ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഐപിഎല്ലിൽ നിന്നും പിന്മാറിയിരുന്നു.

രാജസ്ഥാൻ റോയൽസ് താരം ആൻഡ്രൂ ടൈ, ബംഗളൂരു റോയൽ ചലഞ്ചേഴ്സ് താരങ്ങളായ കെയ്ൻ റിച്ചാർഡ്സണ്‍, ആദം സാംപ എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്. മറ്റ് ചില ഓസീസ് താരങ്ങളും ഐപിഎൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ ആലോചിക്കുന്നതായി വാർത്തകളുണ്ടായിരുന്നു. അതിനിടെ ഐപിഎല്ലിന് ശേഷം ഓസീസ് താരങ്ങൾക്ക് മാത്രമായി പ്രത്യേക വിമാനം ഇന്ത്യയിലേക്ക് അയയ്ക്കണമെന്ന് മുംബൈ ഇന്ത്യൻസ് താരം ക്രിസ് ലിൻ ആവശ്യപ്പെട്ടിരുന്നു.

You might also like

Most Viewed