ക്രിസ്മസ്-പുതുവത്സര ശുശ്രൂഷകൾ: ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് തിരുമേനി ബഹ്റൈനിലെത്തി
പ്രദീപ് പുറവങ്കര / മനാമ
ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ ക്രിസ്മസ്, പുതുവത്സര ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നതിനായി മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും ബോംബെ ഭദ്രാസന സഹായ മെത്രപ്പൊലീത്തയുമായ ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് തിരുമേനി ബഹ്റൈനിലെത്തി.
കത്തീഡ്രൽ വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയക്കൽ, സഹ വികാരി റവ. ഫാദർ തോമസുകുട്ടി പി. എൻ, ട്രസ്റ്റി സജി ജോർജ്, സെക്രട്ടറി ബിനു മാത്യു ഈപ്പൻ എന്നിവരും മാനേജിങ് കമ്മിറ്റി അംഗങ്ങളും ഇടവകാംഗങ്ങളും ചേർന്ന് അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം നൽകി.
ബഹ്റൈൻ കേരളീയ സമാജത്തിൽ ഇന്ന് വൈകീട്ട് ആറ് മണി മുതൽ നടക്കുന്ന ക്രിസ്മസ് ശുശ്രൂഷകൾക്ക് തിരുമേനി നേതൃത്വം നൽകും. സന്ധ്യാ നമസ്കാരം, പ്രദക്ഷിണം, തീജ്വാല ശുശ്രൂഷ, വിശുദ്ധ കുർബാന എന്നിവ ഇതിന്റെ ഭാഗമായി നടക്കും.
തുടർന്ന് ഡിസംബർ 26-ന് കേരളീയ സമാജത്തിൽ വെച്ച് കത്തീഡ്രലിന്റെ ക്രിസ്മസ് ആഘോഷ പരിപാടികളും ഇടവക ദിനവും വിപുലമായി സംഘടിപ്പിക്കുമെന്നും കത്തീഡ്രൽ ഭാരവാഹികൾ അറിയിച്ചു.
sdfsdf
