ബഹ്റൈനില്‍ അഞ്ചുപേരില്‍ നിന്ന് കൊവിഡ് ബാധിച്ചത് 52 പേര്‍ക്ക്


 

മനാമ: ബഹ്‌റൈനിൽ കൊവിഡ് പോസിറ്റീവായ അഞ്ചുപേരില്‍ നിന്ന് രോഗം പകര്‍ന്നത് കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ 52 പേര്‍ക്ക്. ഫെബ്രുവരി നാല് മുതല്‍ 10 വരെയുള്ള സന്പര്‍ക്ക പട്ടിക പരിശോഘനയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരുന്നു.
റാന്‍ഡം പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ച 42കാരനായ പ്രവാസിയുടെ സന്പര്‍ക്ക പരിശോധനയില്‍ ഇയാളില്‍ നിന്ന് നേരിട്ടുള്ള സന്പര്‍ക്കം വഴി നാലുപേര്‍ക്ക് രോഗം പകര്‍ന്നതായി കണ്ടെത്തി. ഒരേ താമസസ്ഥലത്തുള്ള സഹപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇക്കൂട്ടത്തിലെ ഒരാളില്‍ നിന്ന് മറ്റ് 11 പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ ഈ ക്ലസ്റ്ററില്‍ ആകെ 15 പേരാണ് രോഗബാധിതരായതായി കണ്ടെത്തിയത്.
രോഗം ബാധിച്ച 31കാരിയായ സ്വദേശി വനിതയില്‍ നിന്ന് രണ്ട് വ്യത്യസ്ത വീടുകളിലെ ഒന്പത് പേര്‍ക്ക് കൊവിഡ് പകര്‍ന്നതായി സ്ഥിരീകരിച്ചു. ഭര്‍ത്താവ്, മകന്‍, ഭര്‍തൃമാതാവ്, ഭര്‍ത്താവിന്റെ സഹോദരി, സഹോദരന്‍, ഇദ്ദേഹത്തിന്റെ ഭാര്യ, മകന്‍ എന്നിങ്ങെ നേരിട്ട് സന്പര്‍ക്കത്തിലേര്‍പ്പെട്ട കുടുംബാംഗങ്ങള്‍ക്കാണ് രോഗം പകര്‍ന്നത്.
45കാരിയായ മറ്റൊരു സ്വദേശി വനിതയില്‍ നിന്ന് കുടുംബാംഗങ്ങളായ ഒന്പത് പേര്‍ക്ക് രോഗം പകര്‍ന്നു. ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച 33 വയസ്സുള്ള പ്രവാസി സ്ത്രീയില്‍ നിന്ന് ഒന്പത് വീടുകളിലെ ഒന്പത് പേര്‍ക്ക് രോഗംപകര്‍ന്നു. 27കാരനായ സ്വദേശിയില്‍ നിന്ന് ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും രോഗം പകര്‍ന്നു.

You might also like

Most Viewed