നാട്ടിൽ നിന്ന് ബഹ്റൈനിലേയ്ക്ക് എത്താൻ കടന്പകൾ ഏറെ; കാത്തിരിപ്പ് തുടർന്ന് ആയിരങ്ങൾ
മനാമ: എയർ ബബിൾ കരാർ യത്ഥാർത്ഥ്യമായി, എയർ ഇന്ത്യയും ഗൾഫ് എയറും ദിവസേന സർവീസുകൾ ആരംഭിച്ചുവെങ്കിലും നിരവധി പേർ ബഹ്റൈനിലേയ്ക്ക് എത്താൻ വഴിയില്ലാതെ ബുദ്ധിമുട്ടുന്നു. സെപ്തംബർ ആകെ അനുവദിച്ച വിമാനങ്ങളിൽ മൂവായിരത്തോളം പേർക്കാണ് വരാൻ സാധിക്കുക. ഇപ്പോൾ ഒക്ടോബറിൽ എയർ ഇന്ത്യ ഷെഡ്യൂൾ ചെയ്തിരിക്കുന്ന 23 വിമാനങ്ങളിൽ കൂടി വന്നാൽ 2500 പേരും, അതു പോലെ ഇനി ഷെഡ്യൂൾ ചെയ്യാനിരിക്കുന്ന ഗൾഫ് എയർ വിമാനത്തിൽ 2500 മുതൽ 3000 വരെയും യാത്രക്കാകാർക്കാണ് വരാൻ സാധിക്കുക. ഇത് കൂടാതെ ദുബൈ വഴിയും യാത്രക്കാർ എത്താൻ ശ്രമിക്കുന്നുണ്ട്. ഇങ്ങിനെയാണെങ്കിൽ എംബസിയിൽ എയർ ബബിൾ വരുന്നതിന് മുന്പായി പേരുകൾ നൽകിയ മുഴുവൻ പേർക്കും ഒക്ടോബർ അവസാനത്തോടെ ബഹ്റൈനിലേയ്ക്ക് എത്താൻ സാധിക്കുമെങ്കിലും ഇതിനായി നൽകേണ്ടത് പൊന്നിൻ വിലയാണ്.
ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ ഒക്ടോബറിലെ ഷെഡ്യൂൾ പുറത്ത് വന്ന് മണിക്കൂറുകൾക്കുള്ളിൽ സീറ്റുകൾ ഫുൾ ആയി. ഇവയ്ക്ക് ഇരുന്നൂറ് ദിനാർ മുതൽ 220 ദിനാർ വരെയാണ് യാത്രക്കാർക്ക് നൽകേണ്ടി വന്നത്. അതേസമയം സെപ്തംബർ 24ന് ശേഷമുള്ള ഗൾഫ് എയർ വിമാനത്തിന്റെ ഷെഡ്യൂൾ പുറത്ത് വന്നിട്ടില്ല. ഇതിൽ സീറ്റുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിരവധി പേർ. ഇവർക്ക് 200 ദിനാറിന് മുകളിൽ ടിക്കറ്റിനായി മുടക്കേണ്ടി വരും. നിലവിലെ ഒരു വിമാനകന്പനിക്ക് 650 യാത്രക്കാർ എന്ന പരിധി വർദ്ധിപ്പിക്കുകയോ വിമാനങ്ങളുടെ എണ്ണം കൂട്ടുകയോ മാത്രമാണ് യാത്രാ പ്രതിസന്ധി പരിഹരിക്കാൻ ഉള്ള ഏകവഴിയെന്നാണ് സാമൂഹ്യപ്രവർത്തകർ ചൂണ്ടി കാണിക്കുന്നത്.
