കടുത്ത വേനൽകാരണം; രാജ്യത്ത് നടപ്പിലാക്കിയ ഉച്ച വിശ്രമനിയമം തിങ്കളാഴ്ച്ച അവസാനിക്കും
മനാമ: ബഹ്റൈനിൽ ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കി വന്ന ഉച്ചവിശ്രമ നിയമം ആഗസ്ത് 31 തിങ്കളാഴ്ച്ച അവസാനിക്കും. ഇത്തവണ കോവിഡ് ഭീഷണികൾക്കിടയിലാണ് ഈ നിയമം സ്തുത്യാർഹമായ രീതിയിൽ നടപ്പിലാക്കിയത്. രാജ്യത്തെ മുപ്പതിനായിരം വർക്ക് സൈറ്റുകളിൽ ഒന്നരലക്ഷത്തോളം തൊഴിലാളികളാണ് നിയമത്തിന്റെ ഗുണഫലം അനുഭവിച്ചത്. 2007 മുതൽക്കാണ് രാജ്യത്ത് വേനൽകാലത്ത് ഉച്ചവിശ്രമനിയമം ജൂലൈ, ആഗസ്ത് മാസങ്ങളിൽ നടപ്പിലാക്കി തുടങ്ങിയത്. ഇത് പ്രകാരം ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം നാല് മണി വരയൊണ് നിർമ്മാണ സൈറ്റുകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് വിശ്രമം അനുവദിച്ചിരുന്നത്. ഈ വർഷം തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 6315 പരിശോധനകളാണ് രാജ്യത്ത് ഇത് സംബന്ധിച്ച് നടത്തിയത്.
നിയമം ലംഘിച്ച 27 സ്ഥാപനങ്ങൾക്കെതിരെയും, 37 തൊഴിലാളികൾക്കെതിരെയും തൊഴിൽ മന്ത്രാലയ അധികൃതർ നിയമനടപടികൾ സ്വീകരിച്ചു. ഇത് കൂടാതെ കോവിഡിന്റെ സാഹചര്യത്തിൽ തൊഴിലിടങ്ങളിൽ സ്വീകരി്ക്കേണ്ട പ്രതിരോധ നടപടികളെ പറ്റിയുള്ള ബോധവത്കരണവും ഇവർ നടത്തി.

