കാണാതായ സാജു കുര്യന്റെ മൃതദേഹം കണ്ടെത്തി


മനാമ : ബഹ്‌റൈനിൽ നിന്നും കാണാതായ മലയാളി പ്രവാസി സാജു കുര്യന്റെ മൃതദേഹം  റിഫയിൽ കണ്ടെത്തിയതായി അധികൃതർ ബന്ധുക്കളെ വിവരം അറിയിച്ചു.സിയാം ഗ്രൂപ്പ് കമ്പനിയിൽ  ജോലി ചെയ്തു വരികയായിരുന്ന സാജു കുര്യനെ കഴിഞ്ഞ ഒക്ടോബർ 11 മുതൽക്കാണ് റിഫയിലെ താമസ  സ്‌ഥലത്തു നിന്ന്  കാണാതായതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. തുടർന്ന് കമ്പനി അധികൃതർ റിഫ പോലീസിൽ പരാതി നൽകിയെങ്കിലും ഒരു മാസമായി യാതൊരു വിധ തുമ്പും ലഭിച്ചിരുന്നില്ല.

കുര്യന്റെ തിരോധാനത്തിൽ സംശയം പ്രകടിപ്പിച്ച് നാട്ടിലുള്ള അദ്ദേഹത്തിന്റെ ഭാര്യ ബിന്ദു വർഗീസ് വിദേശ മന്ത്രാലയത്തിന് പരാതിയും നൽകിയിരുന്നു. കൂടാതെ ബഹ്‌റൈൻ പോലീസ് ഓം ബുഡ്‌സ്മാനും പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ സഹോദരൻ സാബു കുര്യന്റെ രക്ത സാമ്പിളും മറ്റും  അധികൃതർ പരിശോധനയ്ക്കായി കൊണ്ട് പോവുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് ആഭ്യന്തര മന്ത്രാലയം അധികൃതർ  കുര്യന്റെ   ബഹ്‌റൈനിലെ സഹോദരനെ വിളിപ്പിക്കുകയും റിഫ ഭാഗത്തു നിന്ന് മൃതദേഹം ലഭിച്ചതായും അറിയിച്ചത്.കുര്യന്റെ മൃതദേഹമെങ്കിലും തങ്ങൾക്ക് കാണണമെന്നും മരണകാരണം അറിയണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed