'തുടർച്ചയായി ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവർ'; യുഎന്നിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
ശാരിക
പാകിസ്ഥാൻ സ്ഥിരം ഭീകരവാദികളെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. യുഎൻ ജനറൽ അസംബ്ലിയിൽ സംസാരിക്കുമ്പോഴാണ്, അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനങ്ങളിൽ പാകിസ്ഥാനെതിരെ ഇന്ത്യ രൂക്ഷമായ വിമർശനം നടത്തിയത്. ഭീകരതയെ സാധാരണവൽക്കരിക്കാനും അതിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് രക്ഷപ്പെടാനുമുള്ള 'തുടർച്ചയായി ഭീകരവാദം നടത്തുന്നവരുടെ' നീക്കങ്ങൾ വിജയിക്കില്ലെന്ന് കേന്ദ്രമന്ത്രി ജയ്ശങ്കർ വ്യക്തമാക്കി.
'തുടർച്ചയായി ഭീകരവാദം നടത്തുന്ന ഒരു രാജ്യം ഇന്നലെ ഈ സഭയിൽ വസ്തുതകൾ വളച്ചൊടിച്ച് അവതരിപ്പിച്ചു. ഭീകരവാദത്തെ സാധാരണവൽക്കരിക്കാനും അതിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് രക്ഷപ്പെടാനുമുള്ള വാദങ്ങളാണ് ഉന്നയിക്കപ്പെട്ടത്. അതൊന്നും വിലപ്പോവില്ല' എന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു. പാകിസ്ഥാന്റെയോ, യുഎന്നിൽ പ്രസംഗിച്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെയോ പേര് പരാമർശിക്കാതെയാണ് ജയ്ശങ്കറിന്റെ പ്രസ്താവന.
'രാജ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഭീകരതയ്ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യ വിനിയോഗിക്കും. ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുകയാണ് ചിലർ. ഭീകരവാദവും സൗഹൃദവും സന്മനോഭാവവും ഒരേസമയം നിലനിൽക്കില്ലെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി പറഞ്ഞു. അത്തരം കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ധാരണകൾ സ്വാഭാവികമായും ചോദ്യം ചെയ്യപ്പെടും. ഭീകരവാദം നടത്തുന്നവർ തന്നെയാണ് തങ്ങളുടെ രീതികൾ തിരുത്തേണ്ടത്' - ജയ്ശങ്കർ കൂട്ടിച്ചേർത്തു.
സമാധാനത്തിന് നിരന്തര ഭീഷണിയായി നിലനിൽക്കുന്ന വിപത്താണ് ഭീകരവാദമെന്ന് ജയ്ശങ്കർ ലോകനേതാക്കളോട് പറഞ്ഞു. അതിർത്തി കടന്നുള്ള ലക്ഷ്യങ്ങളോടെയുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് ഭരണകൂടങ്ങളുടെ പിന്തുണയുണ്ടാകാം എന്നത് ഇതിനെ ആഗോള ക്രമത്തോടുള്ള നേരിട്ടുള്ള വെല്ലുവിളിയാണ്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സർക്കാരുകളും കുറ്റക്കാരാണ്. ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത (സീറോ-ടോളറൻസ്) നിലപാടിൽ യാതൊരുവിധ അയവും ഉണ്ടാകാൻ പാടില്ല. അതിന്റെ സാമ്പത്തിക വശങ്ങൾ തുറന്നുകാട്ടുകയും അവയെ പ്രതിരോധിക്കുകയും വേണം എന്നും കേന്ദ്രമന്ത്രി ജയ്ശങ്കർ ആവശ്യപ്പെട്ടു.
#SJaishankar #UNGA #Pakistan #Terrorism #India #UN
dfgdfssd

