പ്രണയപ്പകയിൽ മുൻ കാമുകിയെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി മർദ്ദനം; രണ്ട് ബഹ്‌റൈനികൾക്കെതിരെ വിചാരണ


പ്രദീപ് പുറവങ്കര

മനാമ: കാമുകി ബന്ധം വേർപെടുത്തിയതിലുള്ള പ്രണയപ്പകയെ തുടർന്ന് റഷ്യൻ യുവതിയെയും അവരുടെ പുതിയ സുഹൃത്തായ ബംഗ്ലാദേശിയേയും തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ട് ബഹ്‌റൈനി യുവാക്കൾ വിചാരണ നേരിടുന്നു. 34 വയസ്സുള്ള രണ്ട് ബഹ്‌റൈൻ സ്വദേശികൾക്കെതിരെയാണ് തട്ടിക്കൊണ്ടുപോകൽ, കവർച്ച, ആക്രമിച്ച് പരിക്കേൽപ്പിക്കൽ, ജീവഹാനി വരുത്തുമെന്ന് ഭീഷണിപ്പെടുത്തി ബന്ദിയാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. റഷ്യൻ യുവതിയുമായി മുൻപ് പ്രണയത്തിലായിരുന്ന ഒന്നാം പ്രതി, സംസാരിച്ച് പ്രശ്നം പരിഹരിക്കാമെന്ന് വിശ്വസിച്ച് ബംഗ്ലാദേശ് സ്വദേശിയായ യുവാവിനെ സൽമാബാദിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. കറുത്ത ജി.എം.സി (GMC) കാറിലെത്തിയ പ്രതികൾ യുവാവിനെ ബലമായി കാറിൽ കയറ്റുകയും എതിർത്ത കൂടെയുണ്ടായിരുന്നയാളെ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി ഫോൺ പിടിച്ചെടുക്കുകയും, അതിൽ നിന്ന് സന്ദേശമയച്ച് റഷ്യൻ യുവതിയുടെ ലൊക്കേഷൻ കൈക്കലാക്കുകയുമായിരുന്നു.

തുടർന്ന് ഹൂറയിലെത്തിയ പ്രതികൾ യുവതിയെ ബലമായി കാറിലേക്ക് വലിച്ച് കയറ്റി. ബംഗ്ലാദേശി യുവാവിനെ വഴിയിൽ ഉപേക്ഷിച്ച പ്രതികൾ യുവതിയെ തങ്ങളുടെ വീടേക്ക് തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. മർദ്ദനമേറ്റ് ബോധരഹിതയായ യുവതി ഉണർന്നപ്പോൾ പ്രതിയുടെ വീട്ടിലായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. സ്നേഹക്കൂടുതൽ കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും പ്രകോപിതനായി കടുത്ത മർദ്ദനം അഴിച്ചുവിട്ടതായും പ്രതി പ്രോസിക്യൂഷന് മുൻപാകെ കുറ്റം സമ്മതിച്ചു.

article-image

cxcvxcvxcx

You might also like

  • Lulu Exchange
  • Straight Forward

Most Viewed