മഴയൊഴിഞ്ഞു : പലയിടത്തും അപകടങ്ങൾ പതിയിരിക്കുന്നു


മനാമ : രാജ്യത്ത് ഇന്നലെ ആരംഭിച്ച മഴയ്ക്ക് ചെറിയ ശമനം ഉണ്ടായെങ്കിലും മഴയെ തുടർന്ന് പലയിടത്തും അപകടങ്ങൾ പതിയിരിക്കുന്നുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് വാഹനങ്ങൾ ഓടിക്കുന്നവർ വളരെയധികം കരുതൽ നടപടികൾ എടുക്കണമെന്ന് ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. പല പ്രധാന റോഡുകളിലും വെള്ളം കെട്ടിക്കിടക്കുന്നത് കൊണ്ട് തന്നെ റോഡിലെ കുഴികളും മറ്റും ശ്രദ്ധിച്ചെന്നു വരില്ല. നനവുള്ള റോഡുകളിൽ അമിത വേഗതയിൽ വാഹനങ്ങൾ ഓടിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും.

article-image

ഭൂഗർഭ വൈദ്യുത കേബിളുകൾ പലയിടത്തും നനഞ്ഞു കുതിർന്ന അവസ്‌ഥയിലാണുള്ളത്. ചില സ്‌ഥലങ്ങളിൽ മണ്ണ് കുത്തിയൊലിച്ചു പോയതിനാൽ കേബിളുകൾ പുറമേയ്ക്ക് വന്നിട്ടുണ്ട്. പ്രത്യേകിച്ച് കുട്ടികൾ ഇത്തരം കേബിളുകളിൽ തൊടുകയോ ചവിട്ടി താഴ്ത്താൻ ശ്രമിക്കുകയോ ചെയ്യരുതെന്നും സുരക്ഷാ ഉദ്യോഗസ്‌ഥർ പറഞ്ഞു.

ചില ഇടങ്ങളിൽ റോഡരികിലെ കേബിൾ കുഴികൾക്ക് മുകളിൽ പാകിയ ഇഷ്ടിക സ്ലാബുകൾ ഒഴുകിപ്പോയിട്ടുണ്ട്. കാൽനടയാത്രക്കാർ ഇത്തരത്തിലുള്ള കുഴികളിൽ പെടാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇന്ന് രാവിലെയും അസ്‌കർ പ്രദേശത്തു ഒറ്റപ്പെട്ട മഴ പെയ്തു. ഇന്നും നാളെയും ബഹ്റൈന്റെ പല പ്രദേശങ്ങളിലും വീണ്ടും ഇടിയോടു കൂടിയ മഴ പെയ്യാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്‌ഥാ വിഭാഗം അറിയിച്ചിട്ടുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed