ഐ.സി.ആർ.എഫ് ബഹ്‌റൈൻ 18-ാമത് ഫാബർ-കാസ്റ്റെൽ സ്പെക്ട്രയ്‌ക്ക് ഒരുങ്ങുന്നു; മത്സരങ്ങൾ നവംബർ 13-ന്
പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫോറം (ICRF) ബഹ്‌റൈൻ സംഘടിപ്പിക്കുന്ന കുട്ടികളുടെ പ്രമുഖ കലാമത്സരമായ 'ഫാബർ-കാസ്റ്റെൽ സ്പെക്ട്ര 2026'ന്റെ 18-ാമത് പതിപ്പിന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2026 നവംബർ 13 വെള്ളിയാഴ്ച ഈസ ടൗണിലെ ഇന്ത്യൻ സ്കൂൾ ക്യാമ്പസിലാണ് മത്സരം അരങ്ങേറുന്നത്.
ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ട്രഷറർ ഉദയ് ഷാൻഭാഗ്, ഉപദേശകരായ ഡോ. ബാബു രാമചന്ദ്രൻ, അരുൾദാസ് തോമസ്, സ്പെക്ട്ര ജോയിന്റ് കൺവീനർമാരായ ശ്രീധർ എസ്, സുനിൽ കുമാർ, ജോയിന്റ് സെക്രട്ടറി സുരേഷ് ബാബു, ഫേബർ കാസ്റ്റൽ കൺട്രി മാനേജർ അബ്ദുൾ ഷുഖൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ബഹ്‌റൈനിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന മത്സരത്തിനുള്ള രജിസ്ട്രേഷൻ ഒക്ടോബർ ആദ്യവാരം ആരംഭിച്ച് നവംബർ 5 വരെ തുടരും. 5 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളെ നാല് വിഭാഗങ്ങളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. കൂടാതെ മുതിർന്നവർക്കും ഓൺലൈൻ വഴി മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. 2009-ൽ ആരംഭിച്ച സ്പെക്ട്രയിൽ തുടർച്ചയായി ഫാബർ-കാസ്റ്റെൽ ടൈറ്റിൽ സപ്പോർട്ടറായും മലബാർ ഗോൾഡ് പ്രസന്ററായും സഹകരിക്കുന്നു. മത്സരത്തിലെ മികച്ച ചിത്രങ്ങൾ ഉൾപ്പെടുത്തി 2026 ഡിസംബറിൽ 'ICRF ബഹ്‌റൈൻ കലണ്ടറുകൾ 2027' പ്രകാശനം ചെയ്യും.
സാമൂഹ്യക്ഷേമ മന്ത്രാലയത്തിന് കീഴിൽ നിയമപരമായി പ്രവർത്തിക്കുന്ന ഐ.സി.ആർ.എഫിന് ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ പൂർണ്ണ അനുമതിയുണ്ടെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. സംഘടനയുടെ പ്രവർത്തനങ്ങളിലേക്ക് പണം അയക്കാൻ താല്പര്യമുള്ളവർക്ക് 'ബെനിഫിറ്റ് പേ' ആപ്പിലെ ചാരിറ്റി (Charity) വിൻഡോയിലൂടെ അത് സുരക്ഷിതമായി നിർവ്വഹിക്കാവുന്നതാണ്.
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന തൊഴിലാളികൾക്കും കുടുംബങ്ങൾക്കും ഫുഡ് കിറ്റ് വിതരണം ഉൾപ്പെടെയുള്ള സേവനങ്ങൾ ICRF നടത്തിവരുന്നു. വരുന്ന ഒക്ടോബർ മാസത്തിൽ അമേരിക്കൻ മിഷൻ ആശുപത്രിയുമായി സഹകരിച്ച് സ്ത്രീകൾക്കായി സ്തനാർബുദ ബോധവൽക്കരണ പരിപാടിയും സൗജന്യ മെഡിക്കൽ സ്ക്രീനിംഗും സംഘടിപ്പിക്കും. കൂടാതെ, കുറഞ്ഞ ചെലവിൽ പ്രവാസികൾക്കായി സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
കൂടുതൽ വിവരങ്ങൾക്ക് സ്പെക്ട്ര കൺവീനർ നിതിൻ ജേക്കബിനെ 39612819 എന്ന നമ്പറിലോ, icrfbahrain@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. ഐ.സി.ആർ.എഫ് ഹെൽപ്പ് ലൈൻ നമ്പറുകൾ: 35 990 990 / 38 41 51 71.
sxdsdsads

