ശമ്പള കുടിശ്ശിക നൽകിയില്ല: ബഹ്റൈനിലെ സ്വകാര്യ മെഡിക്കൽ സെന്റർ ഡോക്ടർക്ക് 4,000ത്തിലധികം ദിനാർ നഷ്ടപരിഹാരം നൽകണം
പ്രദീപ് പുറവങ്കര
മനാമ: സേവനമനുഷ്ഠിച്ചിരുന്ന സ്വകാര്യ മെഡിക്കൽ സെന്റർ അർഹമായ ശമ്പള കുടിശ്ശികയും ലീവ് ആനുകൂല്യങ്ങളും നൽകിയില്ലെന്ന പരാതിയിൽ ഡോക്ടർക്ക് ആശ്വാസമായി കോടതി വിധി. മുൻ ജീവനക്കാരിയായ വനിതാ ജനറൽ ഫിസിഷ്യന് ശമ്പള കുടിശ്ശിക ഇനത്തിൽ 3,670 ബഹ്‌റൈനി ദിനാറും, എടുക്കാത്ത വാർഷിക ലീവിന് നഷ്ടപരിഹാരമായി 312 ദിനാറും ഉൾപ്പെടെ ആകെ 4,072 ദിനാർ നൽകാൻ സ്വകാര്യ മെഡിക്കൽ സെന്ററിനോട് ഹൈ ലേബർ കോടതി ഉത്തരവിട്ടു.
രണ്ട് വർഷത്തെ കരാർ അടിസ്ഥാനത്തിൽ പ്രതിമാസം 800 ദിനാർ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ഡോക്ടർ, രാജിവെച്ച് പിരിഞ്ഞ ശേഷവും കൃത്യമായ വേതനം നൽകാൻ സ്ഥാപനം തയ്യാറായില്ലെന്ന് കാട്ടിയാണ് കോടതിയെ സമീപിച്ചത്. അഭിഭാഷകയായ ആയിഷ ജനാഹി മുഖേന നൽകിയ പരാതിയിൽ, ശമ്പള വിതരണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി മുൻപ് പലതവണ നോട്ടീസ് അയച്ചിട്ടും സ്ഥാപനം മറുപടി നൽകിയിരുന്നില്ലെന്ന് വ്യക്തമാക്കി.
വൈകിപ്പിച്ച ശമ്പള തുകയ്ക്ക് കുറഞ്ഞത് 6 ശതമാനം പലിശയും, വൈകുന്ന ഓരോ മാസത്തിനും 1 ശതമാനം വീതം വർദ്ധിച്ച് പരമാവധി 12 ശതമാനം വരെ പലിശ ഈടാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ, ലീവ് ആനുകൂല്യങ്ങൾക്ക് 1 ശതമാനം പലിശയും, സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നുവെന്ന് തെളിയിക്കുന്ന അനുഭവ സർട്ടിഫിക്കറ്റും ഡോക്ടർക്ക് നൽകണം. ജീവനക്കാരിയുടെ വേതനം നൽകിയതിനോ ലീവ് ആനുകൂല്യങ്ങൾ തീർപ്പാക്കിയതിനോ ഉള്ള യാതൊരു തെളിവും ഹാജരാക്കാൻ മാനേജ്‌മെന്റിന് സാധിക്കാത്തതിനെ തുടർന്നാണ് കോടതിയുടെ നിർണ്ണായക വിധി.
dfsdfdffg

