മികച്ച സേവനം ഉറപ്പാക്കി ബഹ്‌റൈനിലെ മൊബൈൽ ശൃംഖലകൾ; ആഗോളതലത്തിൽ കരുത്ത് തെളിയിച്ച് പഠനറിപ്പോർട്ട്
പ്രദീപ് പുറവങ്കര
മനാമ: ഏറ്റവും കൂടുതൽ ആളുകൾ ഒരേസമയം ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയങ്ങളിലെ നെറ്റ്‌വർക്ക് തിരക്ക് കൈകാര്യം ചെയ്യുന്നതിൽ ആഗോളതലത്തിൽ മുൻനിരയിൽ എത്തി ബഹ്‌റൈൻ. പ്രമുഖ അന്താരാഷ്ട്ര കണക്റ്റിവിറ്റി ഇന്റലിജൻസ് സ്ഥാപനമായ 'ഊക്‌ള റിസർച്ച്' (Ookla Research) പുറത്തുവിട്ട ഏറ്റവും പുതിയ വൈറ്റ് പേപ്പറിലാണ് യുകെ, ജർമ്മനി ഉൾപ്പെടെയുള്ള പ്രധാന യൂറോപ്യൻ വിപണികളെ പിന്തള്ളി ബഹ്‌റൈൻ മുൻനിരയിലെത്തിയ വിവരം പങ്കിട്ടിരിക്കുന്നത്.
അത്യാധുനിക ടെലികോം അടിസ്ഥാന സൗകര്യങ്ങളും ഉയർന്ന 5ജി സ്വീകാര്യതയുമാണ് അറേബ്യൻ ഗൾഫ് രാജ്യങ്ങളെ അന്താരാഷ്ട്ര സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡെക്സിൽ മുന്നിലെത്തിച്ചതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. നിക്ഷേപ ശേഷി കുറഞ്ഞതും 5ജി വിന്യാസം മന്ദഗതിയിലായതുമാണ് യൂറോപ്യൻ വിപണികൾക്ക് തിരിച്ചടിയായത്. ബഹ്‌റൈന് പുറമെ യു.എ.ഇ, ഖത്തർ, കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങളും മികച്ച മൊബൈൽ നെറ്റ്‌വർക്ക് പ്രകടനത്തിൽ മുൻപന്തിയിലുണ്ട്.
നെറ്റ്‌വർക്ക് തിരക്ക് അളക്കുന്ന റേറ്റിംഗിൽ 17.9 പോയിന്റോടെയാണ് ബഹ്‌റൈൻ നേട്ടം കൊയ്തത്. യൂറോപ്യൻ ശരാശരി റേറ്റിംഗ് 28.8 ആയിരിക്കെയാണിത് (കുറഞ്ഞ കോൺജഷൻ റേറ്റിംഗ് മികച്ച നെറ്റ്‌വർക്കിനെ സൂചിപ്പിക്കുന്നു). ഡെൻമാർക്ക് (19.6), ജർമ്മനി (28.8), യുകെ (30.7) എന്നീ വൻകിട രാജ്യങ്ങളെയാണ് ബഹ്‌റൈൻ പിന്നിലാക്കിയത്. 2025-ന്റെ മൂന്നാം പാദത്തിൽ 38 വരെയെത്തിയ കോൺജഷൻ പോയിന്റിൽ നിന്നാണ് അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും 5ജി അഡ്വാൻസ്ഡ് വിന്യാസത്തിലൂടെയും ബഹ്‌റൈൻ മികച്ച മുന്നേറ്റം നടത്തിയത്.
അതേസമയം, റമദാൻ പോലുള്ള സാംസ്കാരിക-ആത്മീയ വേളകളിൽ സൂര്യാസ്തമയ സമയത്ത് കുടുംബാംഗങ്ങളെ വിളിക്കുന്നതിനും വീഡിയോ സ്ട്രീമിംഗിനുമായി ആളുകൾ വൻതോതിൽ നെറ്റ്‌വർക്ക് ഉപയോഗിക്കുമ്പോൾ വേഗതയിൽ താത്കാലിക കുറവ് അനുഭവപ്പെടാറുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എങ്കിലും, ഉയർന്ന അടിസ്ഥാന നെറ്റ്‌വർക്ക് വേഗത കാരണം 5ജി ഉപഭോക്താക്കളെ ഇത് കാര്യമായി ബാധിക്കാറില്ലെന്നും പഠനം കൂട്ടിച്ചേർക്കുന്നു.
#BahrainTelecom #OoklaSpeedtest #5GBahrain #4PMNews
dfdfsdfs

