ഐക്യരാഷ്ട്രസഭയിൽ ഇറാനെതിരെ നിലപാട് കടുപ്പിച്ച് ബഹ്‌റൈൻ; ഹോർമുസ് കടലിടുക്ക് അടയ്ക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് വിദേശകാര്യമന്ത്രി


പ്രദീപ് പുറവങ്കര

ന്യൂയോർക്ക്/മനാമ: മേഖലയിലെ സുസ്ഥിര സമാധാനവും സുരക്ഷയും മാത്രമാണ് ജനങ്ങളുടെ അന്തസ്സോടെയുള്ള ജീവിതത്തിന് ആധാരമെന്ന രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ കാഴ്ചപ്പാട് ഊന്നിപ്പറഞ്ഞ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പൂർണ്ണ പിന്തുണയോടെയാണ് ബഹ്‌റൈൻ അന്താരാഷ്ട്ര തലത്തിൽ സുരക്ഷാ-സമാധാന നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് യാതൊരുവിധ അനുമതികളോ ഫീസുകളോ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെ ബഹ്‌റൈൻ പൂർണ്ണമായും തള്ളിക്കളയുന്നു. അന്താരാഷ്ട്ര ജലപാതകളെ സാമ്പത്തിക പ്രതിസന്ധികൾ സൃഷ്ടിക്കാനോ സമ്മർദ്ദ തന്ത്രങ്ങൾക്കോ ആയി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. മുൻപെങ്ങുമില്ലാത്തവിധം കടുത്ത സുരക്ഷാ ഭീഷണിയാണ് അറേബ്യൻ ഗൾഫ് മേഖല നിലവിൽ നേരിടുന്നത്. ജി.സി.സി രാജ്യങ്ങൾക്കും ജോർദാനും നേരെ ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്. ജനവാസ മേഖലകളെയും തുറമുഖങ്ങളെയും വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ഭീകരാക്രമണങ്ങൾ ഐക്യരാഷ്ട്രസഭ ചട്ടങ്ങളുടെ ലംഘനമാണ്.

ജി.സി.സി അധ്യക്ഷ പദവിയും യു.എൻ സുരക്ഷാ കൗൺസിലിലെ താൽക്കാലിക അംഗത്വവും മുൻനിർത്തി, അധിനിവേശങ്ങൾക്കെതിരെ സുരക്ഷാ കൗൺസിൽ പ്രമേയം 2817 പാസാക്കുന്നതിൽ ബഹ്‌റൈൻ നിർണ്ണായക പങ്കുവഹിച്ചു. കമേഴ്‌സ്യൽ ഷിപ്പിംഗിന്റെ സംരക്ഷണത്തിനായി ചാപ്റ്റർ VII പ്രകാരം ബഹ്‌റൈൻ പുതിയ പ്രമേയ കരട് സമർപ്പിച്ചിട്ടുണ്ട്. മേഖലയിൽ ഇതുവരെ 1,700 ബാലിസ്റ്റിക് മിസൈലുകളും 5,220 ഡ്രോണുകളും ഉൾപ്പെടെ ആകെ ഏഴായിരത്തോളം ആക്രമണങ്ങൾ നടന്നു. എഴുപത്തിരണ്ടോളം വ്യാപാരി കപ്പലുകൾ ആക്രമിക്കപ്പെടുകയും 22 നാവികർ കൊല്ലപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ, ബഹ്‌റൈൻ പ്രതിരോധ സേനയുടെയും സഖ്യരാജ്യങ്ങളുടെയും ജാഗ്രതയെ വിദേശകാര്യമന്ത്രി പ്രശംസിച്ചു.

പലസ്തീൻ വിഷയം ബഹ്‌റൈന്റെ മുൻഗണനകളിൽ പ്രധാനമാണെന്നും ഇസ്രായേലിനൊപ്പം സമാധാനത്തോടെ നിലനിൽക്കുന്ന സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ആവർത്തിച്ചു. സുരക്ഷാ കൗൺസിൽ പ്രമേയം 2803 പ്രകാരം രൂപീകരിച്ച 'ബോർഡ് ഓഫ് പീസിൽ' ബഹ്‌റൈൻ സ്ഥാപക അംഗമായി ചേർന്നിട്ടുണ്ട്. സിറിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിലെ ആഭ്യന്തര സംഘർഷങ്ങൾക്ക് രാഷ്ട്രീയ പരിഹാരം കാണണമെന്നും യുക്രൈൻ വിഷയത്തിലും ഐക്യരാഷ്ട്രസഭയുടെ തത്വങ്ങൾക്കനുസരിച്ച് സമാധാനപരമായ ചർച്ചകളാണ് ആവശ്യമെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു.

#BahrainNews #UNGA #BahrainForeignPolicy #4PMNews

article-image

cddsdd

You might also like

  • Lulu Exchange
  • Straight Forward

Most Viewed