ബഹ്‌റൈനിൽ 40,000 ദീനാറിലധികം വിലമതിക്കുന്ന ലഹരിമരുന്നുകളുമായി 5 ഏഷ്യക്കാർ പിടിയിൽ
പ്രദീപ് പുറവങ്കര
മനാമ: ലഹരിമരുന്ന് മാഫിയകൾക്കെതിരെ പോരാട്ടം ശക്തമാക്കി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫൊറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റിന് കീഴിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം നടത്തിയ പ്രത്യേക പരിശോധനകളിൽ 40,000 ബഹ്‌റൈനി ദീനാറിലധികം വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി അഞ്ച് ഏഷ്യൻ സ്വദേശികൾ പിടിയിലായി. മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇവർ വലയിലായത്. ഇതിലൊരു പരിശോധന കസ്റ്റംസ് വിഭാഗവുമായി ഏകോപിപ്പിച്ചാണ് നടത്തിയത്.
39-നും 46-നും ഇടയിൽ പ്രായമുള്ള ഏഷ്യക്കാരാണ് അറസ്റ്റിലായതെന്ന് അധികൃതർ വ്യക്തമാക്കി. ഇവരിൽ നിന്ന് രണ്ടര കിലോയിലധികം വരുന്ന നിരോധിത ലഹരിമരുന്നുകളും മനോരോഗ നിവാരണ മരുന്നുകളും പിടിച്ചെടുത്തു. സംഭവങ്ങളെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് മയക്കുമരുന്ന് വിരുദ്ധ വിഭാഗം നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിയുകയും ലഹരിവസ്തുക്കളോടെ പിടികൂടുകയും ചെയ്തത്.
പിടിച്ചെടുത്ത മയക്കുമരുന്നുകൾ കസ്റ്റഡിയിലെടുക്കുകയും പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. ലഹരിമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തം പ്രധാനമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ലഹരിമരുന്ന് വിൽപ്പനയെക്കുറിച്ചോ ഉപയോഗത്തെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 996 എന്ന ഹോട്ട്ലൈൻ നമ്പരിലോ 996@interior.gov.bh എന്ന ഇമെയിൽ വഴിയോ അധികൃതരെ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
sxxzcxz
cdcxcx
asddsas

