വാറ്റ് നികുതി വെട്ടിപ്പ്: കമ്പനി ഉടമകൾക്ക് തടവും വൻതുക പിഴയും വിധിച്ച് ബഹ്‌റൈൻ കോടതി
പ്രദീപ് പുറവങ്കര
മനാമ: വാഹനങ്ങളുടെ സ്‌പെയർ പാർട്സുകളും ലൂബ്രിക്കന്റുകളും വിൽക്കുന്ന കമ്പനിയുടെ ഉടമസ്ഥരായ മൂന്ന് പേർ ചേർന്ന് 61,380 ബഹ്‌റൈനി ദീനാറിന്റെ മൂല്യവർദ്ധിത നികുതി (VAT) വെട്ടിച്ച കേസിൽ ഹൈ ക്രിമിനൽ കോടതി വിധി പ്രസ്താവിച്ചു. ഒരു ബഹ്‌റൈൻ സ്വദേശിക്കും രണ്ട് ഇറാൻ സ്വദേശികൾക്കും ഒരു വർഷത്തെ തടവുശിക്ഷയും 61,380 ദീനാർ വീതം പിഴയുമാണ് കോടതി വിധിച്ചത്. കേസിലെ നാലാം പ്രതിയായ സ്ഥാപനത്തിന് 3,68,284 ബഹ്‌റൈനി ദീനാർ പിഴയും കോടതി ചുമത്തി.
കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളുടെ പൂർണ്ണ ചുമതല തനിക്കായിരുന്നുവെന്ന് 46-കാരനായ ബഹ്‌റൈനി പ്രതി വ്യക്തമാക്കി. കേസിലെ മറ്റ് രണ്ട് ഇറാനിയൻ പങ്കാളികൾ യഥാക്രമം 2014, 2019 വർഷങ്ങൾക്ക് ശേഷം ബഹ്‌റൈനിൽ എത്തിയിട്ടില്ലാത്തതിനാൽ അവരുടെ അസാന്നിധ്യത്തിലാണ് വിചാരണ പൂർത്തിയാക്കിയത്. കമ്പനിയുടെ 51 ശതമാനം ഓഹരി ബഹ്‌റൈനി പൗരന്റെയും ബാക്കി 49 ശതമാനം ഇറാനിയൻ പങ്കാളികളുടെയും പേരിലാണ്. കമ്പനിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനെ തുടർന്നാണ് നികുതി തുക വൈകിയതെന്നും നികുതിക്കായി വെച്ചിരുന്ന തുക ജീവനക്കാരുടെ ശമ്പളം നൽകാൻ ഉപയോഗിച്ചുവെന്നും സ്വദേശിയായ പ്രതി കോടതിയിൽ വാദിച്ചിരുന്നു.
asdsdsfs

