ഇടനിലക്കാരുടെ ചതിയിൽപ്പെട്ട് അപ്പാർട്ട്മെന്റ് ബിസിനസ് നിക്ഷേപകർ


രാജീവ് വെള്ളിക്കോത്ത്

മനാമ : ബഹ്‌റൈനിലെ വൻകിട അപ്പാർട്ട്മെന്റ് ബിസിനസുകളിൽ നിക്ഷേപിച്ച് ഇരട്ടി ലാഭം കൊയ്യാമെന്ന് പ്രലോഭിപ്പിച്ചുകൊണ്ട് പണം സ്വരൂപിക്കുകയും പിന്നീട് കബളിപ്പിക്കുകയും ചെയ്യുന്ന വൻ റാക്കറ്റ് രാജ്യത്ത് പ്രവർത്തിക്കുന്നതായി സൂചന. സൗദി അറേബ്യയിൽ നിന്നടക്കമുള്ള പല നിക്ഷേപകർക്കും ഇത്തരം തട്ടിപ്പുകളിൽ പണം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. സമീപകാലത്ത് ഈ രംഗത്ത് കടന്ന് വന്ന മലയാളിയുടെ നേതൃത്വത്തിലാണ് ഇത്തരത്തിലുള്ള ചില കബളിപ്പിക്കലുകൾ നടന്നുവരുന്നതായി പരാതി ഉയർ‍ന്നിരിക്കുന്നത്. 

പൊതുസമൂഹത്തിൽ വിശ്വാസ്യത ആർജ്ജിച്ച ശേഷം പലരുമായി ബിസിനസ് ബന്ധത്തിലേർപ്പെടുകയും താൽപര്യമുള്ളവരെക്കൊണ്ട് അപ്പാർട്ട്മെന്റ് രംഗത്ത് പണം നിക്ഷേപം സ്വീകരിക്കുകയുമാണ് ഇദ്ദേഹം ചെയ്തുവന്നത്. വൻകിട അപ്പാർട്ട്മെന്റുകൾ ഏറ്റെടുത്ത ശേഷം ഇടനിലക്കാരായി നിന്ന് കൊണ്ട് കെട്ടിടം ലീസിന് നൽകുകയാണ് ഈ ഗ്രൂപ്പിന്റെ പദ്ധതി. നല്ല നിലയിൽ ലാഭം പ്രതീക്ഷിക്കാവുന്ന പദ്ധതിയിൽ പങ്കാളികളാക്കുന്പോൾ വൻതുകയാണ് ഇടനിലക്കാരൻ ഡെപ്പോസിറ്റ് ആയി പിരിക്കുന്നത്. പ്രതിമാസം കൃത്യമായ വാടക നിശ്ചയിച്ചുറപ്പിച്ച്, കെട്ടിടങ്ങൾ പണം നിക്ഷേപിച്ചവർക്ക് തന്നെ നടത്താൻ കൊടുക്കുകയാണ് ചെയ്യുന്നത്. ഏറ്റെടുത്ത് നടത്തുന്നവർ എല്ലാമാസവും നിശ്ചയിച്ചുറപ്പിച്ച പ്രകാരമുള്ള വാടകയും വൈദ്യുതി ചാർജ്ജും കെട്ടിടം ഏറ്റെടുത്ത യഥാർത്ഥ ഉടമയുമായി കരാർ ഉള്ള ഇടനിലക്കാരന് നൽകും. വാടകക്കാർ ഉണ്ടെങ്കിലും ഇല്ലെങ്കിലും, കെട്ടിടം ഏറ്റെടുത്ത മൂന്നാമത്തെ പാർട്ടി പറഞ്ഞുറപ്പിച്ച വാടകയും വൈദ്യുതി ചാർജ്ജും എല്ലാ മാസവും ഇടനിലക്കാരന് കൃത്യമായി നൽകണം എന്നതാണ് കരാർ. 

കെട്ടിടം നൽകുന്നതിന് മുൻപായി വലിയൊരു തുക ഡെപ്പോസിറ്റ് ആയും ഇടനിലക്കാരന് നൽകണം. ഇത്തരത്തിൽ ബിസിനസ് മുന്നോട്ട് പോകവേയാണ് ചില കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം അധികൃതർ വിച്ഛേദിച്ചത്. ഇവിടെ താമസിക്കുന്നവർ നടത്തിപ്പുകാരോട് പരാതി പറഞ്ഞതോടെയാണ് നടത്തിപ്പുകാർക്ക് തങ്ങൾ കബളിക്കപ്പെട്ടതായി മനസിലാകുന്നത്. വൈദ്യുതി ചാർ‍ജ്ജ് ഇനത്തിൽ‍ തങ്ങൾ നൽ‍കി വരുന്ന തുക മാസങ്ങളോളമായി അടച്ചിട്ടില്ലെന്ന സത്യം അപ്പോൾ മാത്രമാണ് നടത്തിപ്പുകാർ അറിയുന്നത്. ഇതിന് ശേഷം ഇടനിലക്കാരനുമായി ബന്ധപ്പെടാൻ നോക്കിയപ്പോൾ ഓഫീസിലെ ജീവനക്കാരെ മാത്രമാണ് കിട്ടിയത്. തുടർന്ന് യഥാർത്ഥ കെട്ടിട ഉടമകളുമായി ബന്ധപ്പെട്ടപ്പോഴാണ് തങ്ങൾ കൃത്യമായി മാസാമാസം നൽകിയിരുന്ന വാടകയും വൈദ്യുതി ചാർജ്ജും ഏതാനും മാസങ്ങളായി ഇടനിലക്കാർ യഥാർത്ഥ കെട്ടിട ഉടമകൾക്ക് നൽകിയിരുന്നില്ലെന്ന കാര്യം മനസ്സിലാവുന്നത്. തുടർന്ന് ഇതേ ഇടനിലക്കാരനുമായി ബന്ധപ്പെട്ട് കെട്ടിടങ്ങൾ ഏറ്റെടുത്ത് നടത്തിയ പലരുമായും ആശയ വിനിമയം നടത്തിയതോടെയാണ് മിക്കവർക്കും സമാനമായ അനുഭവങ്ങളുണ്ടെന്ന് ബോധ്യമാവുന്നത്. 

തങ്ങൾ വാടകയ്ക്ക് നൽകിയ കുടുംബങ്ങളെ ഒഴിപ്പിക്കാതിരിക്കാനും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുമായി കെട്ടിടം ഏറ്റെടുത്ത് നടത്തിയ മൂന്നാമത്തെ പാർട്ടി പിന്നീട് വീണ്ടും ഈ തുക സ്വരൂപിക്കുകയും വൈദ്യുതി ചാർജ്ജ് അടക്കമുള്ളവ അടച്ച് പഴയ സ്ഥിതിലാക്കുകയായിരുന്നു. ഇതിന് ശേഷം ഇടനിലക്കാരനെതിരെ കേസ് നൽകുകയും ചെയ്തു. കെട്ടിടങ്ങൾ‍ ഏറ്റെടുക്കുന്നവർ നൽ‍കുന്ന ഡെപ്പോസിറ്റ് തുകയും കെട്ടിട ഉടമയ്ക്ക് നൽകാനുള്ള കുടിശ്ശിക തുകയും ഉപയോഗിച്ച് വീണ്ടും കെട്ടിടങ്ങൾ വാങ്ങുകയും പുതിയ ഇടപാടുകാരെ കണ്ടെത്തി നിക്ഷേപം സ്വീകരിക്കുകയും, മറ്റ് വ്യവസായങ്ങളിൽ നിക്ഷേപിക്കുകയുമാണ് ഇടനിലക്കാരനായ മലയാളി ചെയ്തുവന്നത്. വിശ്വസനീയമായ ഇടങ്ങളിൽ‍ നിന്ന് ലഭിക്കുന്ന വിവരം ഇടനിലക്കാരനായ ഇയാളെ ഇന്ന് പോലീസ് കെസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്നതാണ്. അപ്പാർട്ട്മെന്റ് ബിസിനസിൽ ഇത്തരത്തിൽ നിരവധി കബളിപ്പിക്കലുകൾ നടക്കുന്നുണ്ടെന്നും വൻ ലാഭം വാഗ്ദാനം ചെയ്തുകൊണ്ട് നടത്തുന്ന ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ ആരും വീണുപോകരുതെന്നുമാണ് തങ്ങളുടെ അഭ്യർത്ഥനയെന്നും നിക്ഷേപിച്ചവർ പറയുന്നു. 

നിതാഖത് നിയമം മൂലം സൗദിയിലെ വ്യവസായ സംരംഭങ്ങൾ ഉപേക്ഷിച്ച പലരും ഇപ്പോൾ ബഹ്‌റൈനിൽ എത്തുന്നുണ്ട്. അത്തരക്കാരെയാണ് അപ്പാർട്ട്മെന്റ് ബിസിനസ് റാക്കറ്റ് ചൂണ്ടയിൽ കുരുക്കുന്നത്. മലയാളികളായവർ തന്നെ ഇതിന് ഒത്താശ ചെയ്യുവാനും കൂടെ നിൽക്കുന്നുണ്ട്.

You might also like

  • Straight Forward

Most Viewed