ഹെഡ് ഫോൺ ചെ­വി­യിൽ തി­രു­കി­യു­ള്ള യാ­ത്ര അപകടം ക്ഷണി­ച്ചു ­വരു­ത്തു­ന്നു­


രാജീവ് വെള്ളിക്കോത്ത്

മനാമ: മൊബൈൽ ഫോണിൽ സംസാരിച്ചോ കാതടപ്പിക്കുന്ന സംഗീതം ആസ്വദിച്ചു കൊണ്ടോ തിരക്കേറിയ റോഡിലൂടെയുള്ള വിദ്യാർത്ഥികളുടെ സഞ്ചാരം പലപ്പോഴും അപകടം ക്ഷണിച്ചു വരുത്തുന്നു. വിദ്യാർത്ഥികളുടെ ട്യൂഷൻ യാത്രയിലെ ഒരു പ്രധാന ദിനചര്യയായി മാറിയിരിക്കുകയാണ് മൊബൈൽ ഫോൺ ഹെഡ് സെറ്റ് ചെവിയിൽ െവച്ചുള്ള സഞ്ചാരം. പലപ്പോഴും ചുറ്റിലും നടക്കുന്നത് എന്താണെന്ന് പോലും അറിയാതെയാണ് കുട്ടികൾ മൊബൈൽ ഫോണിലോ അല്ലെങ്കിൽ പുതുതലമുറയുടെ സംഗീതത്തിലോ മുഴുകി നടക്കുന്നത്. കഴിഞ്ഞ ദിവസം സൽമാനിയയിലെ ഡയറി ക്വീനിന് സമീപം ഒരു ഇന്ത്യൻ വിദ്യാർത്ഥിയെ വാഹനം ഇടിച്ച് തെറിപ്പിക്കാനുണ്ടായ സാഹചര്യവും ഇത്തരത്തിൽ ഒന്നാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വൈകീട്ട് ട്യൂഷൻ കഴിഞ്ഞുള്ള യാത്രയിലാണ് ഈ വിദ്യാർത്ഥിയെ വാഹനം ഇടിച്ചത്. ഉടൻ തന്നെ സൽമാനിയ ആശുപത്രിയിൽ എത്തിച്ച ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.

സ്‌കൂളിൽ മൊബൈൽ ഫോണും ഹെഡ് ഫോണും നിരോധിക്കപ്പെട്ടിരിക്കുന്നതിനാൽ സ്‌കൂൾ സമയം കഴിഞ്ഞുള്ള സമയങ്ങളിലെ ട്യൂഷൻ യാത്രയിലോ അല്ലെങ്കിൽ പൊതുസ്ഥലങ്ങളിലോ ആണ് കൗമാരക്കാരുടെ ഇത്തരം അശ്രദ്ധ കാണാൻ കഴിയുന്നത്. ഇത് പലപ്പോഴും വലിയ അപകടത്തിന് വഴിവെക്കുന്നുണ്ട്. പല രക്ഷിതാക്കളും അവരുടെ കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിനെതിരെ നടപടികൾ എടുക്കാത്തത് അവരുടെയും കൂടി സൗകര്യം കൂടി കണക്കിലെടുത്താണെന്ന് ഒരദ്ധ്യാപിക പറഞ്ഞു. പലപ്പോഴും പ്രവാസലോകത്ത് രക്ഷിതാക്കൾ രണ്ടുപേരും ജോലി ഉള്ളവരായിരിക്കും. അതുകൊണ്ടുതന്നെ മക്കൾ സ്‌കൂളിൽ നിന്ന് തിരിച്ചെത്തി എന്നും മറ്റ് കാര്യങ്ങൾ അന്വേഷിക്കാനും ഫോൺ കൂടിയേ തീരൂ. ഈ അനുകൂല സാഹചര്യമാണ് കുട്ടികൾ പലപ്പോഴും ദുരുപയോഗം ചെയ്യുന്നത്. 

നിരന്തരം ഫോൺ ഉപയോഗിക്കുന്നത് രക്ഷിതാക്കൾ തന്നെ മുൻകൈയ്യെടുത്ത് അതിൽ നിന്നും പിന്തിരിപ്പിച്ചില്ലെങ്കിൽ അവർ അതിന് അടിമപ്പെടുമെന്നും നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും സാമൂഹ്യ പ്രവർത്തകർ വിരൽ ചൂണ്ടുന്നു. കുട്ടികൾക്ക് സാധാരണ ഫോൺ വാങ്ങിക്കൊടുക്കുകയോ വീട്ടിൽ ലാൻഡ് ലൈൻ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യുക എന്നതാണ് ഇക്കാര്യത്തിൽ രക്ഷിതാക്കൾക്ക് ചെയ്യാൻ കഴിയുന്ന പ്രതിവിധി. അതേസമയം, ഏറ്റവും വില കുറഞ്ഞ ഫോണുകളിൽ വരെ ഇപ്പോൾ ക്യാമറയും ആധുനിക സൗകര്യങ്ങളും ഉണ്ടുതാനും. 

സാധാരണ ഫോണുകൾ ഉപയോഗിക്കാൻ കുട്ടികൾ തയ്യാറാകുമോ എന്നതും കൂടി ഇക്കാര്യത്തിൽ നേരിടുന്ന പ്രശ്നമാണ്. പഠനത്തിന്റെ സമ്മർദ്ദങ്ങൾക്കിടയിൽ കുട്ടികൾ അൽപ്പം പാട്ട് കേൾക്കുന്നതിൽ തെറ്റൊന്നുമില്ലെങ്കിലും മുഴുവൻ സമയവും രണ്ട് ചെവിയിലും ഹെഡ് ഫോണും െവച്ച് നടക്കുന്ന കുട്ടികൾ വേറെ ഒരു മായിക ലോകത്താണുള്ളതെന്ന് പറയാതെ വയ്യ. ട്യൂഷൻ ക്ലാസുകളിൽ നിന്ന് വീട്ടിലേയ്ക്ക് പോകാൻ ഡ്രൈവറെ വിളിക്കാനും അത്യാവശ്യ കാര്യങ്ങൾക്കും മൊബൈൽ ഫോൺ ഇല്ലാതെ കഴിയില്ല എന്നത് തന്നെയാണ് വിദ്യാർത്ഥികളും പറയുന്നത്. ട്യൂഷൻ ക്ലാസിൽ ഫോൺ ഉപയോഗിക്കരുത് എന്ന് പറയാനല്ലാതെ കുട്ടികളോട് ഫോൺ എടുക്കരുത് എന്ന് പറയാൻ ട്യൂഷൻ അദ്ധ്യാപകരും തയ്യാറാകില്ല. 

കാൽ നടയാത്രയ്ക്കിടെയുള്ള വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗം പോലെ തന്നെ സജീവമാണ് അവരുടെ ജങ്ക് ഫുഡ്, സോഫ്റ്റ് ഡ്രിങ്ക്സ് ഉപയോഗവും. പല കന്പനികളുടെ ബ്രാൻഡഡ് ആയതും അല്ലാത്തതുമായ നിരവധി ഉൽപ്പന്നങ്ങൾ വിദ്യാർത്ഥികൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed