ശ്രീ­ജി­ത്തി­ന്റെ­ കസ്റ്റഡി ­മരണം പ്രത്യേ­ക സംഘം അന്വേ­ഷി­ക്കും


കൊച്ചി : വരാപ്പുഴ പോലീസ് കസ്റ്റഡിയിൽ‍ വെച്ച് യുവാവ് മരണപ്പെട്ട സംഭവത്തിൽ‍ ഐ.ജി എസ്. ശ്രീജിത്തിന്‍റെ നേതൃ−ത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം അന്വേഷിക്കും. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കൊണ്ടുള്ള ഉത്തരവ് ഡി.ജി.പി ലോക്നാഥ് ബെഹ്റ പുറത്തിറക്കിയിട്ടുണ്ട്. അന്വേഷണോദ്യോഗസ്ഥരുടെ കാര്യത്തിൽ‍ ഒരു മുൻ‍വിധിയും വേണ്ടെന്നും അന്വേഷണത്തിൽ‍ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

വീട് ആക്രമിച്ചതിനെ തുടർ‍ന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസിൽ‍ വരാപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് തിങ്കളാഴ്ചയാണ് ആശുപത്രിയിൽ‍ വെച്ച് മരണപ്പെട്ടത്. ആന്തരിക രക്തസ്രവത്തെ തുടർ‍ന്ന് ഗുരുതരാവസ്ഥയിൽ‍ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ച യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീജിത്തിനെ പന്ത്രണ്ടാം പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റർ‍ ചെയ്തിരുന്നത്. എന്നാൽ‍ ആളുമാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നും വീട്ടിൽ‍ നിന്ന് പിടികൂടി കൊണ്ടുപോകുന്പോൾ‍ തന്നെ പോലീസ് മർ‍ദ്ദനം ആരംഭിച്ചിരുന്നുവെന്നുമാണ് ശ്രീജിത്തിന്‍റെ വീട്ടുകാരും അയൽ‍വാസികളും പറയുന്നത്.  

അതിനിടെ ശ്രീജിത്തിന്‍റെ ചികിത്സാരേഖകളുടെ വിശദാംശങ്ങൾ‍ പുറത്തുവന്നു. ചെറുകുടലിൽ‍ മുറിവുണ്ടായിരുന്നെന്നും ആന്തരിക അവയവങ്ങൾ‍ പ്രവർ‍ത്തനരഹിതമായെന്നുമാണ് റിപ്പോർ‍ട്ട്. രക്തസമ്മർദ്ദം കൂടിയ നിലയിലായിരുന്നുവെന്നും റിപ്പോർ‍ട്ട് വ്യക്തമാക്കുന്നു. സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർ‍മാൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. പോലീസിന്റേത് ഗുരുതര വീഴ്ചയാണ്. ശ്രീജിത്തിന് മെഡിക്കൽ‍ പരിശോധന നടത്തിയില്ല. തുടർ‍ച്ചയായി തെറ്റ് ചെയ്യുന്ന പോലീസുകാരെ സർ‍വ്വീസിൽ‍ നിന്നും മാറ്റി നിർ‍ത്തണം. ഇതിനായി സർ‍വ്വീസ് ചട്ടങ്ങളിൽ‍ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed