ബാങ്ക് കാർഡ് വിവരങ്ങൾ ചോർത്തുന്നവർക്ക് കടുത്ത ശിക്ഷ; ബഹ്‌റൈൻ പാർലമെന്റിൽ പുതിയ നിയമനിർദ്ദേശം
പ്രദീപ് പുറവങ്കര
മനാമ: ബാങ്ക് കാർഡ് വിവരങ്ങളോ ഇലക്ട്രോണിക് പേയ്മെന്റ് ഡാറ്റയോ നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നവർക്കും കൈമാറുന്നവർക്കും ജയിൽ ശിക്ഷ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ നൽകാൻ ബഹ്‌റൈൻ പാർലമെന്റിൽ ശുപാർശ. ഇൻഫർമേഷൻ ടെക്നോളജി ക്രൈംസ് നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് എം.പി ഡോ. അലി അൽ നുഐമിയാണ് കരട് നിയമം അവതരിപ്പിച്ചത്.
ഡിജിറ്റൽ പേയ്‌മെന്റ് വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചാൽ കുറഞ്ഞത് ആറുമാസം തടവും, സാമ്പത്തിക തട്ടിപ്പ് നടന്നാൽ ചുരുങ്ങിയത് ഒരു വർഷം തടവും ലഭിക്കണമെന്നാണ് നിർദ്ദേശം. സെൻസിറ്റീവ് വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കും ഇതേ ശിക്ഷ ബാധകമാകും. ഓൺലൈൻ ഇടപാടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സൈബർ കുറ്റകൃത്യങ്ങൾ തടയാനും ബാങ്കിംഗ് സംവിധാനത്തിലുള്ള ജനവിശ്വാസം സംരക്ഷിക്കാനും ഇത്തരം നിയമങ്ങൾ അത്യാവശ്യമാണെന്ന് ഡോ. അൽ നുഐമി പറഞ്ഞു. വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതിയുടെ പരിഗണനയിലാണ് നിലവിൽ ഈ ബിൽ.
tiut

