ബഹ്‌റൈൻ കടലിലെ ഓറഞ്ച് ബോയ്‌കൾ: സുരക്ഷാ മുന്നറിയിപ്പുമായി അധികൃതർ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ സമുദ്രപരിധിയിൽ സ്ഥാപിച്ചിട്ടുള്ള ഓറഞ്ച് നിറത്തിലുള്ള അടയാളങ്ങൾ (Orange Buoys) അതീവ അപകട മേഖലകളെ സൂചിപ്പിക്കുന്നതാണെന്നും കടലിൽ പോകുന്നവർ ഇവയിൽ നിന്നും കൃത്യമായ അകലം പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ബാപ്‌കോ എനർജീസുമായി സഹകരിച്ച് നടന്നു വരുന്ന 3D കടൽത്തീര സർവ്വേയുടെയും മറ്റ് വ്യാവസായിക പ്രവർത്തനങ്ങളുടെയും ഭാഗമായാണ് ഈ അടയാളങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ 'അൽ അമൻ' പ്രോഗ്രാമിന് കീഴിലാണ് ഈ സുരക്ഷാ നിർദ്ദേശം പുറപ്പെടുവിച്ചത്.
ഇവ കേവലം കടലിലെ അലങ്കാരങ്ങളോ നാവിക സഹായികളോ അല്ലെന്നും മറിച്ച് സജീവ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലകളാണെന്നും കേണൽ ഡോ. ഒസാമ ബഹർ വ്യക്തമാക്കി. ഈ ബോയ്‌കൾക്ക് സമീപം നീന്തുന്നതോ, ഡൈവിംഗ് നടത്തുന്നതോ, ബോട്ടുകൾ നിർത്തുന്നതോ അപകടകരമാണ്. കൂടാതെ ഈ ഭാഗങ്ങളിൽ മീൻപിടുത്തം നടത്തുന്നതും വലകളോ കൂടുകളോ സ്ഥാപിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. 2027 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ സർവ്വേ തുടരുമെന്നതിനാൽ കടലിൽ പോകുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
vxgxg

