ഉപാധികൾ അംഗീകരിച്ചില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ല; ചെന്നിത്തല


ശാരിക l കേരളം

തിരുവനന്തപുരം: മുഖ്യമന്ത്രി പദം ലഭിക്കാത്തതിനെ തുടർന്ന് അതൃപ്തിയിലായ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ഹൈക്കമാൻഡ് ഊർജിതമാക്കി. എന്നാൽ താൻ മുന്നോട്ടുവെക്കുന്ന ഉപാധികൾ അംഗീകരിച്ചാൽ മാത്രമേ വി.ഡി. സതീശൻ മന്ത്രിസഭയിൽ ചേരുകയുള്ളൂവെന്ന് അദ്ദേഹം ഹൈക്കമാൻഡ് പ്രതിനിധികളെ അറിയിച്ചു. ഈ ടേമിൽ രണ്ടര വർഷമോ അല്ലെങ്കിൽ അടുത്ത തവണയോ തനിക്ക് മുഖ്യമന്ത്രി പദം നൽകണമെന്ന ആവശ്യമാണ് അദ്ദേഹം പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.

ഉപാധികൾ അംഗീകരിച്ചില്ലെങ്കിൽ വെറുമൊരു എംഎൽഎയായി അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി തുടരാനാണ് തന്റെ താൽപ്പര്യമെന്നും അദ്ദേഹം സൂചിപ്പിച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് ചർച്ച നടത്തും. മന്ത്രിസഭയിൽ ചേരണമെന്ന ആഗ്രഹം സതീശൻ അദ്ദേഹത്തെ അറിയിക്കും. ചെന്നിത്തലയെ ധനകാര്യ വകുപ്പ് നൽകി ഒപ്പം കൂട്ടാനാണ് സാധ്യത.

ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്തേക്കും. തന്റെ പ്രിയ നേതാവായ ചെന്നിത്തല കൂടി മന്ത്രിസഭയിലുണ്ടാകുന്നത് ടീമിനെ നയിക്കാൻ കരുത്താകുമെന്ന് സതീശൻ കരുതുന്നു. അതേസമയം, ചെന്നിത്തലയെ അനുകൂലിക്കുന്നവർ കടുത്ത നിരാശയിലാണ്. 2021-ൽ എംഎൽഎമാരുടെ ഭൂരിപക്ഷമുണ്ടായിട്ടും പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ താൻ അച്ചടക്കത്തോടെ അത് അംഗീകരിച്ച കാര്യം ചെന്നിത്തല ഹൈക്കമാൻഡിനെ ഓർമ്മിപ്പിച്ചു. സീനിയോറിറ്റി ഉണ്ടായിട്ടും തന്നെ അവഗണിച്ചതിലുള്ള വിഷമം അദ്ദേഹം സോണിയ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്.

ദീപാദാസ് മുൻഷി, മുകുൾ വാസ്‌നിക്, അജയ് മാക്കൻ, കെ.സി. വേണുഗോപാൽ എന്നിവർ ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഹൈക്കമാൻഡിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ചെന്നിത്തല എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാണ് ഹരിപ്പാട്ടെ അനുയായികളുടെ ആവശ്യം. മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ പ്രതിനിധികളും രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed