തൊ­ഴി­ലാ­ളി­ കു­റ്റവി­മു­ക്തനാ­യാൽ തൊ­ഴി­ലു­ടമ തടഞ്ഞു­വച്ച വേ­തനം നൽ­കണമെ­ന്ന് കോ­ടതി­


അബുദാബി : തൊഴിൽ നിയമലംഘനങ്ങളിലും മറ്റും കുറ്റവിമുക്തമാക്കപ്പെട്ടാൽ തൊഴിലാളികൾക്കു തടഞ്ഞുവച്ച വേതനവും മറ്റ് ആനുകൂല്യങ്ങളും തൊഴിലുടമ നൽകണമെന്നു കോടതി. വ്യാജ പരാതി നൽകിയത് തൊഴിലുടമ അല്ലെങ്കിലും തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടരുതെന്നും കോടതി വ്യക്തമാക്കി.

തൊഴിൽ നിയമങ്ങൾ ലംഘിച്ചാലോ കുറ്റകൃത്യങ്ങളുടെ പേരിലോ തൊഴിലാളിയുടെ ശന്പളം താൽക്കാലികമായി പിടിച്ചുവയ്ക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ട്. എന്നാൽ തൊഴിലാളിക്ക് അനുകൂലമായി വിധി വന്നാൽ തടഞ്ഞുവയ്ക്കപ്പെട്ട കാലത്തെ വേതനവും മറ്റു തൊഴിൽ അവകാശങ്ങളും തിരിച്ചു നൽകണം. വ്യക്തിഗത വിസയിൽ ഗാർഹിക തൊഴിൽ ചെയ്യുന്നവരുടെ അവകാശങ്ങൾ വ്യക്തമാക്കുന്ന 2017ലെ ഫെഡറൽ തൊഴിൽ നിയമം പത്താം നന്പർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് പ്രോസിക്യൂഷൻസ് വിഭാഗം മേധാവി ജസ്റ്റിസ് ഹസൻ അൽ ഹമ്മാദി പറഞ്ഞു.

തൊഴിലാളിക്കെതിരെ മറ്റാരിൽ നിന്നെങ്കിലും പരാതി ഉയർന്നാലും സമാന രീതിയിൽ തൊഴിലുടമയ്ക്കു വേതനം പിടിച്ചുവയ്ക്കാം. എന്നാൽ നിരപരാധിയാണെന്നു തെളിഞ്ഞാൽ എല്ലാം തിരികെ കിട്ടാൻ തൊഴിലാളിക്ക് അവകാശമുണ്ട്. തൊഴിലുടമയുടേതല്ലാത്ത കാരണത്താലാണ് ജോലി ചെയ്യാത്തതെങ്കിൽ ഈ കാലയളവിലെ ആനുകൂല്യങ്ങൾക്കു തൊഴിലാളി അർഹനല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളിൽ തൊഴിലാളിയുടെ വേതനവും അനുബന്ധ ആനുകൂല്യങ്ങളും നൽകേണ്ടത് കേസിനു കാരണക്കാരായവരാണ്.

തൊഴിലാളികളുടെ ശന്പളം ഒരു മാസത്തിലധികം കുടിശികയായാൽ മനുഷ്യവിഭവശേഷി− സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ പരാതിപ്പെടണം. ഇത്തരം കേസുകൾ പ്രോസിക്യൂഷനു ലഭിക്കുന്നതോടെ അതിവേഗ നടപടികൾ ഉണ്ടാകും. ഒരു വർഷം നിയമാനുസൃതമായി ജോലി ചെയ്ത തൊഴിലാളിയുടെ വിസ റദ്ദാക്കുന്പോൾ സേവനകാല ആനുകൂല്യത്തിന് തൊഴിലാളിക്ക് അവകാശമുണ്ട്.

തൊഴിൽ നിയമത്തിൽ പ്രാധാന്യത്തോടെ പ്രതിപാദിക്കുന്ന ഇതു നൽകേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണ്. കരാർ ലംഘനം നടത്തി തൊഴിലിൽ നിന്നു വിട്ടവരുടെ വിസ റദ്ദാക്കുന്പോൾ സേവനകാല ആനുകൂല്യം ലഭിക്കില്ല. സ്പോൺസറിൽനിന്ന് ഒളിച്ചോടുന്ന തൊഴിലാളിക്കും സേവനകാല ആനുകൂല്യങ്ങൾക്ക് അർഹതയില്ല.

തൊഴിൽ തർക്കങ്ങൾ തീർക്കാൻ അനുരഞ്ജന മാർഗമാണ് അഭികാമ്യം. സ്പോൺസറും തൊഴിലാളികളും തമ്മിലുണ്ടാകുന്ന തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കണം. ഇതു പരാജയപ്പെടുന്പോഴാണ് പരാതി മന്ത്രാലയത്തിനു കൈമാറേണ്ടത്. പരാതികൾ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ പരിഹരിക്കാൻ മന്ത്രാലയം ശ്രമിക്കും. ഈ ഘട്ടവും പരാജയപ്പെട്ടാൽ കേസുകൾ കോടതിക്കു കൈമാറുകയും ചെയ്യും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed