നീറ്റ് പരീക്ഷാ രീതിയിൽ മാറ്റം; അടുത്ത വർഷം മുതൽ പരീക്ഷ പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിതം
ശാരിക l ദേശീയം
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷാ സംവിധാനത്തിൽ (NEET UG) നിർണ്ണായക പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. അടുത്ത വർഷം മുതൽ നീറ്റ് പരീക്ഷകൾ പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) മോഡിലേക്ക് മാറ്റുമെന്ന് ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.
ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി 2026 പരീക്ഷയുടെ പുനഃപരീക്ഷ ജൂൺ 21-ന് നടക്കുമെന്നും മന്ത്രി സ്ഥിരീകരിച്ചു. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ ജൂൺ 14-ഓടെ വിതരണം ചെയ്യും. പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാനും ക്രമക്കേടുകൾ തടയാനുമാണ് അടുത്ത വർഷം മുതൽ ഒഎംആർ (OMR) ഷീറ്റ് രീതി മാറ്റി പൂർണ്ണമായും സിബിടി രീതി നടപ്പിലാക്കുന്നത്.
മേയ് മൂന്നിനാണ് ഇത്തവണത്തെ നീറ്റ് യുജി പരീക്ഷ നടന്നത്. എന്നാൽ മേയ് ഏഴോടെ 'ഗെസ് പേപ്പർ' പ്രചരിച്ചതുമായി ബന്ധപ്പെട്ട് പരാതികൾ ഉയരുകയും കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ ചോദ്യപേപ്പർ ചോർന്നതായി സ്ഥിരീകരിക്കുകയും ചെയ്തു. പരീക്ഷാ ചോർച്ച സ്ഥിരീകരിച്ചതോടെ വിദ്യാർത്ഥികളുടെ ഭാവി മുൻനിർത്തി മേയ് 12-ന് പരീക്ഷ പൂർണ്ണമായി റദ്ദാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ആശങ്കയിലായ സാഹചര്യത്തിലാണ് പരീക്ഷാ തീയതിയും ഭാവി പരിഷ്കാരങ്ങളും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
fsddsf

