ചെന്നിത്തലയെ ചേർത്തുനിർത്തും; വർഗീയതയോട് വിട്ടുവീഴ്ചയില്ലെന്ന് വി.ഡി. സതീശൻ
ശാരിക l കേരളം
തിരുവനന്തപുരം: രമേശ് ചെന്നിത്തല തന്റെ പ്രിയപ്പെട്ട നേതാവാണെന്നും അദ്ദേഹത്തെ നേരിൽ കണ്ട് സംസാരിക്കുമെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ചെന്നിത്തലയെ ചേർത്തുനിർത്തിക്കൊണ്ടായിരിക്കും മുന്നോട്ടുള്ള യാത്രയെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
വർഗീയതയോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മുസ്ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്നും ലീഗ് ഇല്ലാതായാൽ ആ സ്ഥാനത്തേക്ക് വർഗീയ ശക്തികൾ കടന്നുവരുന്നത് നാടിന് അപകടമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ എംഎൽഎ ഹോസ്റ്റലിലെത്തി കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫുമായി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. മോൻസ് ജോസഫ് ഉൾപ്പെടെയുള്ള നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലെത്തി ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ സതീശൻ സന്ദർശിക്കും.
രാവിലെ ചീഫ് സെക്രട്ടറി എ. ജയതിലകും ഇന്റലിജൻസ് മേധാവി പി. വിജയനും കന്റോൺമെന്റ് ഹൗസിലെത്തി നിയുക്ത മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ഒരുക്കങ്ങളെക്കുറിച്ചാണ് പ്രധാനമായും ചർച്ച ചെയ്തത്.
dsdsfdsf

