മുഹമ്മദ് ഹിസാമുദീന് സർക്കാർ വക ചികിത്സ; തുണയായത് മലയാളി കൂട്ടായ്മ
മനാമ: ബഹ്‌റൈനിൽ വെച്ച് മസ്തിഷ്കാഘാതത്തെ തുടർന്ന് ഇന്നലെ നാട്ടിലേയ്ക്ക് കൊണ്ടുപോയ യു.പി വാരണാസി സ്വദേശി മുഹമ്മദ് ഹിസാമുദീനെ സർക്കാർ ഏറ്റെടുത്തു. ബഹ്‌റൈനിലെ മലയാളി സാമൂഹ്യ പ്രവർത്തകരുടെ ശ്രമഫലമായാണ് ഇത്തരം ഒരു ലക്ഷ്യത്തിലേയ്ക്ക് എത്തിച്ചേരുന്നതിന് തുണയായത്. സൽമാനിയ ആശുപത്രിയിൽ ആരുടേയും തുണയില്ലാതെ അബോധാവസ്ഥയിൽ കിടക്കുകയായിരുന്ന ഹിസാമുദീനെ നാട്ടിലേയ്ക്ക് കൊണ്ട് പോകണമെങ്കിൽ യു.പിയിലെ ഏതെങ്കിലും ആശുപത്രിയുടെ കൂടി സമ്മതപത്രം വേണമായിരുന്നു. അതിന് യു.പിയിലെ സന്നദ്ധ സംഘടനകളുടെയും കൂടി സഹകരണം വേണ്ടതിനാൽ സാമൂഹ്യ പ്രവർത്തകനായ സുധീർ തിരുനിലത്ത് ഇക്കാര്യം സാമൂഹ്യ പ്രവർത്തകരുടെ വാട്സ്ആപ് ഗ്രൂപ്പിൽ ഇട്ടു. ഗ്രൂപ്പിലെ സജീവാംഗവും ബ്ലഡ് ഡോണേഴ്സ് കേരളയുടെ സജീവ പ്രവർത്തകനുമായ അമൽ ദേവ് ഇക്കാര്യം ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പുമായി ബന്ധമുള്ള യു.പിയിലെ പ്രവാസികൾ അംഗങ്ങളായുള്ള ഗ്രൂപ്പിലെ സുഹൃത്തുക്കളോട് പറഞ്ഞു. അവർ ഉടൻ തന്നെ വാരണാസിയിലെ സന്നദ്ധ പ്രവർത്തകനും ഇന്ത്യൻ ബ്ലഡ് ഡോണേഴ്സ് സ്ഥാപകനുമായ സൗരവ് മൗര്യയുമായി ബന്ധപ്പെട്ടു. തുടർന്ന് അദ്ദേഹവും ഹിസാമുദീന്റെ വീട്ടുകാരുമായും മറ്റ് സന്നദ്ധ പ്രവർത്തകരുമായി ബന്ധപ്പെടുകയും ചെയ്തു.
അതേസമയം വിദേശകാര്യ മന്ത്രാലയത്തിന് സുധീർ തിരുനിലത്ത് അയച്ച മെയിലിന് അനുകൂല മറുപടിയും ലഭിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. ഇന്നലെ വാരണാസിയിൽ എത്തിയ രോഗിയെ എല്ലാവിധ സജ്ജീകരണങ്ങളും അടങ്ങിയ ആംബുലൻസിൽ സർക്കാർ ചിലവിൽ തന്നെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയതായി ബന്ധുക്കൾ ബഹ്‌റൈനിലെ സാമൂഹ്യപ്രവർത്തകരെ അറിയിച്ചു. മലയാളി സാമൂഹ്യപ്രവർത്തകരുടെ പ്രവാസലോകത്തെ പ്രവർത്തനങ്ങളെ യു.പി സന്നദ്ധ സംഘടനാ പ്രവർത്തകർ അഭിനന്ദിച്ചു.

