യു.എസ്-ബഹ്റൈൻ ഫുഡ് ട്രേഡ് ഡീലിന് കാബിനറ്റ് അംഗീകാരം
മനാമ : ഭക്ഷണ, കാർഷിക ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിൽ യുഎസുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന ധാരണാപത്രത്തിന് ബഹ്റൈൻ അനുമതി നൽകി. ഗുദൈബിയ കൊട്ടാരത്തിൽ വെച്ച് ഇന്നലെ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നേതൃത്വത്തിൽ നടന്ന പ്രതിവാര കാബിനറ്റ് യോഗത്തിനിടെയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.
ലീഗൽ അഫയേഴ്സ് മന്ത്രിതല സമിതിയുടെ നിർദ്ദേശപ്രകാരമാണ് ഇടപാടിന് അംഗീകാരം നൽകിയത്. ഇരു രാജ്യങ്ങളിലും നിന്നുള്ള വ്യാപാര ഉദ്യോഗസ്ഥർ മാർച്ച് 30നാണ് കരാറിൽ ഒപ്പുവെച്ചത്. യു.എസ്.ടി.ആറിന്റെ കണക്കനുസരിച്ച് 2017ൽ യു.എസ് 76 ദശലക്ഷം ഡോളറിന്റെ കാർഷിക മത്സ്യബന്ധന കയറ്റുമതിയാണ് ബഹ്റൈനിലേക്ക് നടത്തിയത്. എന്നാൽ, വാണിജ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ബഹ്റൈൻ കഴിഞ്ഞ വർഷം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത് 240 ദശലക്ഷം ഡോളറിന്റെ അലുമിനിയമാണ്. 2006 ജനുവരിയിലാണ് അമേരിക്കയും ബഹ്റൈനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നത്.

