ദൂമ ആക്രമണത്തെ കുറ്റപ്പെടുത്തി ബഹ്റൈൻ ക്യാബിനറ്റ്
മനാമ: സിറിയയിലെ കിഴക്കൻ ഘൂറ്റയിലെ ദൂമയിൽ നടന്ന രാസായുധാക്രമണത്തെ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ബഹ്‌റൈൻ ക്യാബിനറ്റ് കുറ്റപ്പെടുത്തി.
ഇത്തരം ദുരന്തങ്ങളെ തടയുന്നതിനും, ഉചിതമായ അന്താരാഷ്ട്ര പ്രമേയങ്ങൾക്കനുസരിച്ച് സിറിയൻ പ്രദേശങ്ങളിലെ സാധാരണക്കാരെ സംരക്ഷിക്കുന്നതിനും അന്തർദേശീയ സമൂഹം, വേഗത്തിൽ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഗുദൈബിയ കൊട്ടാരത്തിൽ ഇന്നലെ പ്രതിവാര ക്യാബിനറ്റ് സമ്മേളനം നടക്കവെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാരാന്ത്യത്തിൽ നടത്തിയ ഈ ആക്രമണങ്ങളിൽ കുറഞ്ഞത് 60 പേർ കൊല്ലപ്പെടുകയും 1,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. ബഹ്റൈൻ വിദേശകാര്യമന്ത്രാലയം നേരത്തെ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ സിറിയൻ പ്രദേശത്ത് സാധാരണക്കാരനെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാനും സിറിയൻ പ്രതിസന്ധിയിൽ ഒരു പരിഹാരത്തിൽ എത്തിച്ചേരാനും വേണ്ട നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

