സഹജയോഗ സൗജന്യ പരിശീലനത്തിന് പ്രവേശനം തുടരുന്നു
മനാമ : വികാര വിചാരങ്ങളും നഷ്ടലാഭങ്ങളും നിറഞ്ഞ ജീവിതകാലത്ത് മനുഷ്യൻ അഭിമുഖീകരിക്കുന്ന മാനസിക പിരിമുറുക്കത്തിന് ശാശ്വതപരിഹാര മാർഗ്ഗങ്ങളുമായി സഹജയോഗയുടെ ബഹ്റൈൻ കേന്ദ്രത്തിലെ സൗജന്യ പരിശീലനത്തിന് പ്രവേശനം തുടരുന്നുവെന്ന് സഹജയോഗ പ്രവർത്തകർ അറിയിച്ചു. അവനവനിൽ അനുഭവപ്പെടുന്ന അസ്വസ്ഥതകൾ സ്വയം മനസ്സിലാക്കാനും മരുന്നുകൾക്കുപരിയായി മാനസിക നിശബ്ദതയിലൂടെയും പ്രത്യേകരീതിയിലുള്ള യോഗയിലൂടെയും പരിഹരിക്കാനും മനഃസ്വസ്ഥത നിറഞ്ഞ ജീവിതം നയിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും സഹജയോഗ ധ്യാനരീതിയിലൂടെ സാധിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ബാഹ്യമായ സമ്മർദ്ദങ്ങളെ കീഴടക്കാൻ ധ്യാന രീതി (മെന്റൽ പീസ്) കൊണ്ട് സാധിക്കുമെന്ന് കൃത്യമായ പരിശീലനത്തിലൂടെ തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. ജീവിതരീതി രോഗങ്ങളെ നിയന്ത്രിക്കുന്നതിന് നിത്യേനയുള്ള പരിശീലനംകൊണ്ട് സാധിക്കുകയും ചെയ്യുന്നു.
ശാസ്ത്രീയവും ലളിതവുമായ ധ്യാനരീതിയിലൂടെ നമ്മുടെ ഉള്ളിലുള്ള ജീവചൈതന്യത്തെ തിരിച്ചറിയാനും സന്തുലിതാവസ്ഥ കൈവരിക്കാനും സഹജയോഗയിലൂടെ സാധിക്കുന്നു. നിർമലാദേവി രൂപം കൊടുത്ത ‘സഹജയോഗ’ പ്രസ്ഥാനത്തിന്റെ സൗജന്യ ക്ലാസുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരത്തിലുണ്ട്.
ജാതിമത ഭേദമന്യേ ഈ ധ്യാനരീതിയിൽ നിരവധി ആളുകൾ പരിശീലനം നേടിയിട്ടുണ്ടെന്നും സഹജയോഗം പ്രവർത്തകർ അറിയിച്ചു. ഡിപ്ലോമാറ്റിക് ഏരിയയിലെ ഫാൽക്കൺ ടവറിൽ (നന്പർ 711, ഏഴാം നില) എല്ലാ ശനിയാഴ്ചയും വൈകീട്ട് 6:30 മുതൽ 7:30 വരെയും, ചൊവ്വാഴ്ച്ചകളിൽ വൈകീട്ട് 7:30 മുതൽ 8:30 വരെയുമാണ് ക്ലാസുകൾ ഉണ്ടാവുക. ബുധനാഴ്ച രാവിലെ 10:30 മുതൽ 11:30 വരെ സ്ത്രീകൾക്കായി പ്രത്യേക സെഷനുമുണ്ടാകും. താൽപ്പര്യമുള്ളവർ 39829627, 39575301, 3921, 38343360 എന്നീ മൊബൈൽ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. www.sahajayogabahrain.comഎന്ന വെബ്സൈറ്റിലും വിശദ വിവരങ്ങൾ ലഭ്യമാണ്.

