സ്തനാർബുദ ബോധവൽക്കരണം: ബഹ്റൈനിൽ ആയിരത്തിലധികം പേർ അണിനിരന്ന വാക്കോത്തൺ ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര
മനാമ: സ്തനാർബുദ ബോധവൽക്കരണ ആഗോള കാമ്പയിന്റെ ഭാഗമായി ബഹ്റൈനിൽ ആയിരത്തിലധികം പേർ അണിനിരന്ന വാക്കോത്തൺ സംഘടിപ്പിച്ചു. സീഫിലെ വാട്ടർ ഗാർഡൻ സിറ്റിയിൽ വെച്ചാണ് ബഹ്റൈൻ ക്യാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വാർഷിക വാക്കോത്തൺ നടത്തിയത്. വിവിധ പ്രായത്തിലുള്ള നൂറുകണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കാളികളായത്.
മുപ്പതു വർഷത്തിലേറെയായി തുടർന്നുവരുന്ന ഈ വാർഷിക പരിപാടി ഇത്തവണ 'ടുഗെതർ വീ വിൻ' (Together We Win) എന്ന പ്രമേയത്തിലാണ് സംഘടിപ്പിച്ചത്. സ്തനാർബുദ നിർണ്ണയത്തിൽ ആദ്യകാല പരിശോധനയുടെ പ്രാധാന്യം, ആരോഗ്യകരമായ പോഷകാഹാരം, കൃത്യമായ വ്യായാമം എന്നിവയിലൂടെ രോഗസാധ്യത കുറയ്ക്കുന്നതിനെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താനാണ് സംഘടന ലക്ഷ്യമിടുന്നത്. ആഭ്യന്തര, പൊതുമരാമത്ത് മന്ത്രാലയങ്ങൾ ഉൾപ്പെടെ മുപ്പതിലധികം സ്ഥാപനങ്ങളും ഈ ഉദ്യമത്തിന് പിന്തുണയേകി.
പരിപാടിയുടെ ഭാഗമായി വിദ്യാഭ്യാസ ബോധവൽക്കരണ സാമഗ്രികൾ വിതരണം ചെയ്യുകയും, ഗവേഷണങ്ങൾക്കും ബോധവൽക്കരണ പരിപാടികൾക്കുമായി ഫണ്ട് ശേഖരിക്കുന്നതിനായി പ്രത്യേക ഉൽപ്പന്നങ്ങൾ വിൽക്കുകയും ചെയ്തു. ഒക്ടോബർ മാസം ആഗോളവ്യാപകമായി ആചരിക്കുന്ന സ്തനാർബുദ ബോധവൽക്കരണ മാസത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

