പുതിയ ടൊയോട്ട ഗ്ലാൻസ വിപണിയിൽ; വില ആരംഭിക്കുന്നത് 6.99 ലക്ഷം രൂപ മുതൽ
ശാരിക
മാരുതി സുസുക്കി ബലേനോയുടെ ഫെയ്സ്ലിഫ്റ്റിന് പിന്നാലെ, പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ഗ്ലാൻസയുടെ പുതിയ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ടൊയോട്ട ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 6.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. രൂപകൽപ്പനയിലും ഫീച്ചറുകളിലും എഞ്ചിനിലും കാര്യമായ മാറ്റങ്ങളോടെയാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്. ഹ്യുണ്ടായ് i20, ടാറ്റ അൾട്രോസ്, മാരുതി സുസുക്കി ബലേനോ എന്നിവരാണ് ഇതിന്റെ പ്രധാന എതിരാളികൾ.
നവീകരിച്ചെത്തുന്ന ടൊയോട്ട ഗ്ലാൻസ അഞ്ച് വേരിയന്റുകളിലായാണ് വിപണിയിൽ എത്തുന്നത്. പ്രാരംഭ മോഡലായ ഗ്ലാൻസ 'ഇ' വേരിയന്റിന് 6.99 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ബേസ് മോഡലിന് മുകളിലായി എത്തുന്ന 'എസ്' മോഡലിന് 7.71 ലക്ഷം രൂപയും, 'ജി' വകഭേദത്തിന് 8.73 ലക്ഷം രൂപയുമാണ് വില. ഏറ്റവും ഉയർന്ന വകഭേദത്തിന്റെ തൊട്ടുതാഴെയുള്ള 'വി' മോഡലിന് 9.99 ലക്ഷവും ടോപ് എൻഡ് മോഡലായ 'വി (ഒ)' 10.49 ലക്ഷം രൂപ എക്സ് ഷോറൂം വിലയിലും ലഭ്യമാണ്.
വലുപ്പമേറിയ പുതിയ മുൻ ഗ്രിൽ കാറിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു. റഡാർ മൊഡ്യൂളുകൾ ഉൾപ്പെടുത്തിയ ഇതിൽ ടൊയോട്ടയുടെ ലോഗോ ബോണറ്റിലേക്ക് പുനഃക്രമീകരിച്ചു. എൽഇഡി ഫോഗ് ലാമ്പുകൾ പുതിയ ഡിസൈനിൽ നവീകരിച്ചപ്പോൾ ഹെഡ്ലാമ്പ്, അലോയ് വീലുകൾ, പിൻവശം എന്നിവ മാറ്റമില്ലാതെ തുടരുന്നു. 'ഡിജിറ്റൽ ടീൽ ഗ്രീൻ', 'ബ്ലൂയിഷ് ബ്ലാക്ക്' എന്നീ രണ്ട് പുതിയ കളർ ഓപ്ഷനുകളും ലഭ്യമാണ്.
പ്രീമിയം ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററി, ഫ്രീ-ഫ്ലോട്ടിങ് 9 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, മൾട്ടി-ഇൻഫർമേഷൻ ഡിസ്പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, ക്ലാരിയൻ സൗണ്ട് സിസ്റ്റം, റിയർ എസി വെന്റുകളോട് കൂടിയ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് പ്രധാന ഇന്റീരിയർ സവിശേഷതകൾ. ലെവൽ 2 ADAS, ആറ് എയർബാഗുകൾ, 360-ഡിഗ്രി കാമറ, ഹിൽ ഹോൾഡ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP) എന്നിവ മികച്ച സുരക്ഷ ഉറപ്പുനൽകുന്നു.
2026 ഗ്ലാൻസയിൽ പുതിയ 1.2 ലിറ്റർ, 3-സിലിണ്ടർ Z12E എൻജിനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പെട്രോൾ, സി.എൻ.ജി (CNG) ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. പെട്രോൾ മോഡൽ പരമാവധി 83 എച്ച്.പി കരുത്തും 112 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. 5-സ്പീഡ് മാന്വൽ അല്ലെങ്കിൽ 5-സ്പീഡ് AMT ഗിയർബോക്സുള്ള ഈ പതിപ്പ് ഉയർന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. 70 എച്ച്.പി കരുത്തും 102 എൻ.എം ടോർക്കുമുള്ള സിഎൻജി വകഭേദം മികച്ച മൈലേജും നൽകുന്നു.
്ിി

