പാർക്കിംഗ് പ്രതിസന്ധിക്ക് പരിഹാരം: 88 സർക്കാർ സ്ഥലങ്ങൾ കൂടുതൽ പാർക്കിംഗ് സൗകര്യങ്ങൾക്കായി അനുവദിച്ചതായി ബഹ്റൈൻ അധികൃതർ


പ്രദീപ് പുറവങ്കര

മനാമ: ജനവാസ മേഖലകളിലെ കടുത്ത പാർക്കിംഗ് ക്ഷാമത്തിന് പരിഹാരം കാണാനും അയൽവാസികൾ തമ്മിലുള്ള തർക്കങ്ങൾ ലഘൂകരിക്കാനും ലക്ഷ്യമിട്ട് ബഹ്‌റൈനിൽ 88 സർക്കാർ സ്ഥലങ്ങൾ അധിക പാർക്കിംഗ് സൗകര്യങ്ങൾക്കായി നീക്കിവെച്ചു. പാർലമെന്റ് അംഗീകരിച്ച പ്രമേയത്തിന് മറുപടിയായാണ് സർക്കാർ ഈ വിവരങ്ങൾ വ്യക്തമാക്കിയത്. നീക്കിവെച്ച സ്ഥലങ്ങളുടെ രജിസ്ട്രേഷൻ നടപടികളും ആധാരവും പൂർത്തിയായതായി അധികൃതർ അറിയിച്ചു.

കൂടാതെ, രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വിവിധ റോഡ് വികസന പദ്ധതികൾ വഴി ഇതുവരെ 2,500-ലധികം പുതിയ പൊതു പാർക്കിംഗ് സ്ഥലങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. മനാമ, ജനാബിയ, അവാളി, അബു സൈബ, സമാഹിജ് എന്നീ പ്രദേശങ്ങളിലാണ് പാർക്കിംഗിനായി പ്രത്യേക സ്ഥലങ്ങൾ കണ്ടെത്തിയിട്ടുള്ളത്. മുഹറഖ് സിറ്റി വികസന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കൂടുതൽ പാർക്കിംഗ് ഇടങ്ങൾ ഒരുക്കുന്നതിനുള്ള പഠനങ്ങളും നടന്നു വരുന്നു.

ജനസംഖ്യാ വർദ്ധനവും വാഹനങ്ങളുടെ പെരുപ്പവും കാരണം പാർക്കിംഗ് ലഭിക്കാതെ വരുന്നത് അയൽവാസികൾ തമ്മിലുള്ള തർക്കങ്ങൾക്കും പരാതികൾക്കും കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി എം.പി ബസ്മ അബ്ദുൽ കരീം മുബാറക് നൽകിയ നിർദ്ദേശത്തെ തുടർന്നാണ് ഈ സുപ്രധാന തീരുമാനം. റെസിഡൻഷ്യൽ ഏരിയകളിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ മൾട്ടി-സ്റ്റോറി കാർ പാർക്കുകളാക്കി മാറ്റണമെന്നായിരുന്നു എംപിയുടെ നിർദ്ദേശം. എന്നാൽ, പഴയ പ്രവിശ്യകളിലെ ഇടുങ്ങിയ റോഡുകൾ മൾട്ടി-സ്റ്റോറി നിർമ്മാണത്തിന് സാങ്കേതിക തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും ലഭ്യമായ സ്ഥലങ്ങളും ഗതാഗത സൗകര്യങ്ങളും കണക്കിലെടുത്ത് അനുയോജ്യമായ കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തുന്നത് തുടരുമെന്നും സർക്കാർ വ്യക്തമാക്കി.

article-image

ൈ്ോ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed