15കാരിയെ സോഷ്യൽ മീഡിയ വഴി ബ്ലാക്ക് മെയിൽ ചെയ്തു: 20കാരനെ 24 മണിക്കൂറിനകം പിടിയിലാക്കി ബഹ്റൈൻ പോലീസ്
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തിന് പുറത്തുള്ള 15 വയസ്സുള്ള പെൺകുട്ടിയെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പ്രലോഭിപ്പിക്കുകയും തുടർന്ന് ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്ത സംഭവത്തിൽ 20 വയസ്സുള്ള യുവാവിനെ ബഹ്റൈനിൽ അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിക്ക് കീഴിലുള്ള 'ചൈൽഡ് പ്രൊട്ടക്ഷൻ ഇൻ സൈബർസ്പേസ് യൂണിറ്റാണ്' പ്രതിയെ പിടികൂടിയത്.
പരാതി ലഭിച്ചയുടൻ തന്നെ അന്വേഷണം ആരംഭിച്ച ഉദ്യോഗസ്ഥർ, ഡിജിറ്റൽ തെളിവുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ 24 മണിക്കൂറിനുള്ളിൽ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കേസിൽ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
കുട്ടികൾ ഓൺലൈൻ തട്ടിപ്പുകൾക്കും ബ്ലാക്ക്മെയിലിംഗിനും ഇരയാകാതിരിക്കാൻ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരീക്ഷിക്കുകയും, അപരിചിതരുമായി ആശയവിനിമയം നടത്തുന്നതിലും ചിത്രങ്ങളോ വ്യക്തിഗത വിവരങ്ങളോ പങ്കുവെക്കുന്നതിലുമുള്ള അപകടങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുകയും ചെയ്യേണ്ടതുണ്ട്.
സമാനമായ എന്തെങ്കിലും സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 33523300 എന്ന നേരിട്ടുള്ള നമ്പറിലോ, cpcu@interior.gov.bh എന്ന ഇമെയിലിലോ അല്ലെങ്കിൽ 992 എന്ന ഹോട്ട്ലൈൻ നമ്പറിലോ ഉടൻ തന്നെ വിവരമറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ോേിി

