അറസ്റ്റിനായെത്തിയ പോലീസുകാരെ കുപ്പിചില്ലുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു: 55കാരിക്ക് ബഹ്റൈനിൽ 3 വർഷം തടവ്
പ്രദീപ് പുറവങ്കര
മനാമ: സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ തടയുകയും കുപ്പിചില്ലു കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത 55 വയസ്സുള്ള ബഹ്റൈനി വനിതയ്ക്ക് ഹൈ ക്രിമിനൽ കോടതി മൂന്ന് വർഷത്തെ തടവുശിക്ഷ വിധിച്ചു. പൊതുസുരക്ഷാ സേനാംഗങ്ങളെ ആക്രമിച്ചു, അക്രമമാർഗ്ഗം സ്വീകരിച്ചു, ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, അപമാനിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ.
സോഷ്യൽ മീഡിയയിലൂടെ അക്രമത്തിന് ആഹ്വാനം ചെയ്യൽ, ഭീതി പരത്തൽ, ദേശീയ സുരക്ഷയെ അപകടപ്പെടുത്തൽ തുടങ്ങിയ ഉള്ളടക്കങ്ങൾ അടങ്ങിയ പോസ്റ്റുകൾ പങ്കുവെച്ചതിനാണ് ഇവർക്കെതിരെ പരാതി ലഭിച്ചത്. ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് പുറപ്പെടുവിച്ച അറസ്റ്റ് വാറന്റുമായി എത്തിയ പോലീസ് സംഘത്തോട് ഇവർ വാതിൽ തുറക്കാൻ കൂട്ടാക്കാതിരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. തുടർന്ന് മേലധികാരികളുടെ നിർദ്ദേശപ്രകാരം പോലീസ് വാതിൽ പൊളിച്ച് അകത്തു കടക്കുകയായിരുന്നു.
അകത്തുകയറിയ പോലീസ് സംഘത്തിന് നേരെ "അടുത്തു വരുന്നവരെ കൊല്ലു"മെന്ന് ഭീഷണിപ്പെടുത്തിയ ഇവർ കയ്യിലുണ്ടായിരുന്ന മൂർച്ചയുള്ള ഗ്ലാസ് കഷണം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിച്ചു. ഇവരെ കീഴടക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് കൈകൾക്ക് മുറിവേറ്റു. കഠിനമായ പ്രതിരോധത്തിന് ശേഷമാണ് ഇവരെ കൈവിലങ്ങ് അണിയിക്കാനായത്.
തുടർന്ന് പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷവും ഇവർ ആക്രമണം തുടർന്നു. സ്റ്റേഷനിൽ വെച്ച് കൈവിലങ്ങ് സ്വയം അഴിച്ച് മാറ്റിയ ഇവർ അവിടെയുണ്ടായിരുന്ന വനിതാ പോലീസിനെ ആക്രമിച്ചു. ഇവരെ തടയുന്നതിനിടെ വനിതാ ഉദ്യോഗസ്ഥയുടെ വലതുകൈയിലെ ലിഗമെന്റിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കോടതിയിൽ തനിക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും ഇവർ സമ്മതിച്ചു. തുടർന്നാണ് ജഡ്ജിമാർ പ്രതിക്ക് മൂന്ന് വർഷത്തെ തടവുശിക്ഷ വിധിച്ചത്.
ോേ്ോ്

