മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയെ നെഞ്ചിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ശാരിക
ന്യൂഡൽഹി: നെഞ്ചിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുതിർന്ന ബി.ജെ.പി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അദ്വാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ന്യൂഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് പൾമൊണോളജി വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. വാർധക്യസഹജമായ അവശതകളും അണുബാധയും പരിഗണിച്ച് വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം.
തൊണ്ണൂറ്റിയെട്ടുകാരനായ അദ്വാനിയുടെ ആരോഗ്യവിവരം അറിഞ്ഞ് നിരവധി പ്രമുഖർ രോഗമുക്തി ആശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. പ്രായാധിക്യത്തെ തുടർന്നുള്ള ബുദ്ധിമുട്ടുകൾ കാരണം കഴിഞ്ഞ മേയിലും അദ്ദേഹത്തെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം വീടിലേക്ക് മടങ്ങിയത്. ഒക്ടോബർ ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ ഡെൽഹിയിലെ വസതിയിലെത്തി സന്ദർശനം നടത്തിയിരുന്നു.
ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും മുൻ ദേശീയ അധ്യക്ഷനുമായ അദ്വാനി പാർട്ടിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 1998 മുതൽ 2004 വരെ കേന്ദ്ര ആഭ്യന്തര മന്ത്രിയായും, 2002 മുതൽ 2004 വരെ അടൽ ബിഹാരി വാജ്പേയ് സർക്കാരിൽ ഉപപ്രധാനമന്ത്രിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും അദ്ദേഹം നടത്തിയ രഥയാത്രകൾ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ വലിയ വഴിത്തിരിവുകളായി മാറിയിരുന്നു.
രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകി അദ്വാനിയെ രാജ്യം ആദരിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ കാരണം രാഷ്ട്രപതി ഭവനിലെ ഔദ്യോഗിക ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന അദ്ദേഹത്തിന്, രാഷ്ട്രപതി ദ്രൗപദി മുർമു നേരിട്ട് വസതിയിലെത്തിയാണ് പുരസ്കാരം സമ്മാനിച്ചത്.

