ആദ്യ നെറ്റ്ഫ്ലിക്സ് ബുക്ക് ഫെസ്റ്റിവലിന് പാരീസിൽ തുടക്കമായി


ശാരിക

പാരിസ്: സിനിമകൾക്കും വെബ് സീരീസുകൾക്കും പുറമെ അവയ്ക്ക് പ്രചോദനമായ പുസ്തകങ്ങളെക്കൂടി ആഘോഷിക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. സാഹിത്യലോകത്തേക്കുള്ള പുതിയ ചുവടുവെപ്പിന്റെ ഭാഗമായി ആദ്യ നെറ്റ്ഫ്ലിക്സ് ബുക്ക് ഫെസ്റ്റിവലിന് ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ തുടക്കമായി. ഒക്ടോബർ 16 മുതൽ 18 വരെ നടക്കുന്ന മേളയിൽ പുസ്തകപ്രേമികൾക്കും എഴുത്തുകാർക്കും വായനക്കാർക്കും സാഹിത്യവും ദൃശ്യകലയും തമ്മിലുള്ള ബന്ധം അടുത്തറിയാൻ അവസരമൊരുങ്ങും.

പാരീസിലെ ഫ്രഞ്ച് നാഷണൽ ബുക്ക് സെന്ററിന്റെ എൺപതാം വാർഷികത്തോടനുബന്ധിച്ച് 'ഗ്രൗണ്ട് കൺട്രോൾ' വേദിയിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെ ജനപ്രിയമായി മാറിയ നിരവധിയായ സാഹിത്യ കൃതികളെയും അവയ്ക്ക് പിന്നിലെ രചയിതാക്കളെയും ആദരിക്കുകയാണ് ഈ ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നത്. 'ബ്രിഡ്ജർട്ടൺ', 'ലൂപിൻ', 'ദി ക്വീൻസ് ഗാംബിറ്റ്', 'ഹാർട്ട്സ്റ്റോപ്പർ', 'യൂ' തുടങ്ങിയ ആഗോളതലത്തിൽ ശ്രദ്ധ നേടിയ നിരവധി നെറ്റ്ഫ്ലിക്സ് പരമ്പരകൾ പ്രശസ്ത പുസ്തകങ്ങളെയും നോവലുകളെയും ആസ്പദമാക്കി നിർമ്മിച്ചവയാണ്. 2025-ൽ മാത്രം പുസ്തകങ്ങളെ ആസ്പദമാക്കിയുള്ള ഉള്ളടക്കങ്ങൾ 900 കോടിയിലധികം വ്യൂസ് നേടിയിട്ടുണ്ടെന്നാണ് നെറ്റ്ഫ്ലിക്സ് വ്യക്തമാക്കുന്നത്. പ്ലാറ്റ്‌ഫോമിലെ ആകെ കാഴ്ചാ സമയത്തിന്റെ 20 ശതമാനത്തോളമാണിത്.

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സാഹിത്യോത്സവത്തിൽ പ്രമുഖ എഴുത്തുകാരുമായുള്ള ചർച്ചകൾ, ടോക്ക് ഷോകൾ, ബുക്ക് ക്ലബ്ബ് സംവാദങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ജെയ്ൻ ഓസ്റ്റിന്റെ വിഖ്യാത നോവലായ 'പ്രൈഡ് ആൻഡ് പ്രെജുഡീസ്' അടിസ്ഥാനമാക്കിയുള്ള പുതിയ സീരീസ് ഈ വർഷാവസാനത്തോടെ റിലീസ് ചെയ്യാനിരിക്കെയാണ് നെറ്റ്ഫ്ലിക്സ് പാരിസിൽ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. നിരവധി ഫ്രഞ്ച് പ്രസാധകരുമായി ചേർന്ന് ഒരുക്കുന്ന താൽക്കാലിക ലൈബ്രറിയും മേളയിലുണ്ട്. നെറ്റ്ഫ്ലിക്സ് പരമ്പരകൾക്കും സിനിമകൾക്കും പ്രചോദനമായ നോവലുകൾ, കോമിക് പുസ്തകങ്ങൾ, ഗ്രാഫിക് നോവലുകൾ എന്നിവ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. ഡിജിറ്റൽ വിനോദത്തിന്റെ വളർച്ചക്കിടയിലും പുസ്തകങ്ങൾക്ക് പുതിയ വായനക്കാരെ കണ്ടെത്താൻ ഇത്തരം പരിപാടികൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

article-image

rers

You might also like

  • Lulu Exchange
  • Straight Forward

Most Viewed