സ്വകാര്യ ആരോഗ്യമേഖലയിൽ 50% ബഹ്‌റൈനിവൽക്കരണം: നിയമനിർമ്മാണത്തിന് പാർലമെന്റ് സമിതിയുടെ ശുപാർശ


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തെ സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, മെഡിക്കൽ സെന്ററുകൾ എന്നിവയിലെ മെഡിക്കൽ, സാങ്കേതിക, നഴ്സിംഗ് വിഭാഗങ്ങളിൽ കുറഞ്ഞത് 50 ശതമാനം ബഹ്‌റൈൻ പൗരന്മാർക്ക് നിയമനം നിർബന്ധമാക്കുന്ന നിയമനിർമ്മാണവുമായി പാർലമെന്റ് മുന്നോട്ട്. സർക്കാറിന്റെയും ശൂറ കൗൺസിലിന്റെയും എതിർപ്പുകളും നിർദ്ദേശങ്ങളും തള്ളിക്കൊണ്ടാണ് പാർലമെന്റിലെ സർവീസ് കമ്മിറ്റി 50 ശതമാനം ബഹ്‌റൈനിവൽക്കരണം എന്ന മുൻ തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ എം.പിമാർക്ക് ശുപാർശ നൽകിയത്.

പ്രാദേശിക ബിരുദധാരികൾക്കും ഉദ്യോഗാർത്ഥികൾക്കും സ്വകാര്യ മേഖലയിൽ അർഹമായ തൊഴിലവസരങ്ങൾ ഉറപ്പാക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് സർവീസ് കമ്മിറ്റി ചെയർമാൻ എം.പി മുഹമ്മദ് അൽ ഒലൈവി പറഞ്ഞു. തൊഴിൽ മുൻഗണന നൽകുക എന്ന തത്വം മാത്ര പോരാ, അത് നിയമപരമായ ബാധ്യതയാക്കി മാറ്റേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

യോഗ്യരായ സ്വദേശി ഉദ്യോഗാർത്ഥികൾ ലഭ്യമായ തസ്തികകളിലായിരിക്കും ഈ നിയമം ബാധകമാകുക. അപൂർവ്വവും വിദഗ്ദ്ധവുമായ സ്പെഷ്യാലിറ്റികളിൽ പ്രാദേശികമായി ആളെ ലഭിച്ചില്ലെങ്കിൽ അതിന് ഇളവ് അനുവദിക്കും. കൂടാതെ, നിലവിലെ വിദേശ ജീവനക്കാരുടെ കരാർ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് പുതിയ നിയമങ്ങൾ നടപ്പിലാക്കാനുള്ള സാവകാശവും സ്ഥാപനങ്ങൾക്ക് ലഭിക്കും.

എന്നാൽ, കർശനമായ ക്വോട്ട സമ്പ്രദായം നടപ്പിലാക്കുന്നത് അത്യപൂർവ്വ സ്പെഷ്യാലിറ്റികളിൽ ജീവനക്കാരുടെ ക്ഷാമത്തിന് കാരണമാകുമെന്നും, മെഡിക്കൽ മേഖലയിലെ നിക്ഷേപങ്ങളെയും സേവനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും സർക്കാറും സുപ്രീം കൗൺസിൽ ഓഫ് ഹെൽത്തും ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2023 അവസാനത്തോടെ മെഡിക്കൽ രംഗത്ത് 970 ബഹ്‌റൈനി ഉദ്യോഗാർത്ഥികൾ തൊഴിൽരഹിതരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 486 പേർ ഡോക്ടർമാരും 169 പേർ ഡെന്റൽ ബിരുദധാരികളുമാണ്.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed