പിണറായി വിജയനെതിരായ ഇഡി ചോദ്യം ചെയ്യല്: ഹാജരാകേണ്ടതില്ലെന്ന് നിയമോപദേശം
ശാരിക
തിരുവനന്തപുരം: ഇ ഡി ചോദ്യം ചെയ്യലിന് പിണറായി വിജയന് 23-ന് ഹാജരാകില്ല. ഹാജരാകേണ്ടതില്ലെന്നാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. കോടതി നടപടികള് നടക്കുന്ന സാഹചര്യത്തില് അസൗകര്യം അറിയിക്കാന് തീരുമാനിച്ചിട്ടുണ്ട്. മുന്കൂര് ജാമ്യം ഈ ഘട്ടത്തില് തേടേണ്ടതില്ലെന്നും വിലയിരുത്തലുണ്ട്. എങ്കിലും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച സമന്സ് ഇതുവരെ ലഭിച്ചിട്ടില്ല. ഇന്ന് തന്നെ സമന്സ് ലഭിക്കുമെന്നാണ് കരുതുന്നത്.
സുപ്രീംകോടതിയില് വിജിലന്സ് എഫ്ഐആര് രജിസ്റ്റര് ചെയ്തതിനെതിരെ റിട്ട് പെറ്റീഷന് ഫയല് ചെയ്തിട്ടുണ്ട്. അതില് തീരുമാനമാകുന്നതു വരെ ഹാജരാകാനുള്ള അസൗകര്യങ്ങള് അറിയിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഏതെങ്കിലും സാഹചര്യത്തില് മുന്കൂര് ജാമ്യാപേക്ഷ സമര്പ്പിക്കേണ്ടതുണ്ടോ അതോ അറസ്റ്റിലേക്ക് പോകുമോ എന്നകാര്യങ്ങളെല്ലാം നിയമസംഘം പരിശോധിച്ചിട്ടുണ്ട്. എങ്കിലും ഈ ഘട്ടത്തില് മുന്കൂര് ജാമ്യാപേക്ഷ നല്കേണ്ടതില്ലെന്നാണ് അഭിഭാഷക സംഘത്തിന്റെ ഉപദേശം.
കള്ളപ്പണം വെളുപ്പിക്കല് നിരോധന നിയമപ്രകാരം രണ്ട് ഇസിഐആറുകളാണ് ഇ ഡി രജിസ്റ്റര് ചെയ്തിരിക്കുന്നത്. പിണറായി വിജയന് പുറമെ മുന് മന്ത്രി മുഹമ്മദ് റിയാസിനെതിരെയും കേസെടുത്തിരുന്നു. വിജിലന്സ് കേസെടുത്തതിന്റെ ചുവടുപിടിച്ചായിരുന്നു ഇ ഡി നടപടി. കള്ളപ്പണം വെളുപ്പിക്കല് തടയല് നിയമപ്രകാരം ഇ ഡിക്ക് നേരിട്ട് അന്വേഷണം നടത്തണമെങ്കില് അഴിമതി നിരോധന നിയമപ്രകാരം സംസ്ഥാന ഏജന്സി കേസ് രജിസ്റ്റര് ചെയ്യേണ്ടതുണ്ട്. വിജിലന്സിന്റെ രണ്ട് എഫ്ഐആറുകളിലൂടെ ഇ ഡിക്ക് മുന്നിലുണ്ടായിരുന്ന ഈ നിയമതടസ്സം നീങ്ങിയിരുന്നു.
dsfds

