കേരളീയ സമാജം തിരഞ്ഞെടുപ്പ് : ഏകദേശ ചിത്രം ഇന്നറിയാം

മനാമ : ബഹ്‌റൈൻ കേരളീയ സാമാജത്തിൽ അടുത്ത വർഷത്തെ ഭരണസമിതിയിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കാൻ പത്രിക നൽകിയിരിക്കുന്നുവെന്നതിന്റെ വിശദവിവരങ്ങൾ ഇന്ന് രാത്രിയോട് കൂടി അറിയും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. സമർപ്പിക്കപ്പെട്ട പത്രികകൾ അടങ്ങിയ പെട്ടി ഇന്ന് രാത്രി 10 മണിക്ക് പൊട്ടിക്കുന്നതോടെയാണ് ആരൊക്കെ പത്രിക നൽകിയിരിക്കുന്നതെന്ന കാര്യം അറിയുക. തുടർന്ന് പത്രികകൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. അതിന് ശേഷം യോഗ്യമായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യും. പത്രികകൾ പിൻവലിക്കാനുള്ള തീയ്യതി കൂടി കഴിഞ്ഞാൽ മത്സരരംഗത്ത് ഉറച്ചു നിൽക്കുന്നവരുടെ പൂർണ്ണ ചിത്രം വ്യക്തമാകും.
യുണൈറ്റഡ് പാനൽ, പ്രോഗ്രസീവ് പാനൽ എന്നിങ്ങനെ രണ്ട് വിഭാഗം പാനലുകളായിട്ടാണ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചിട്ടുള്ളത്. പാനലിൽ ഉൾപ്പെടാതെയുള്ള പത്രികകൾ കൂടി ഉണ്ടോ എന്നുള്ള വിവരങ്ങളും ലഭ്യമല്ല. നിലവിൽ രണ്ട് പാനലുകൾ മാത്രമേ പരസ്യമായി രംഗത്തുള്ളൂ. ഓരോ വിഭാഗത്തിലും ഒട്ടേറെ പ്രമുഖർ മത്സര രംഗത്ത് ഉണ്ടാകുമെന്നാണ് സൂചന. നിലവിലെ ഭരണ സമിതിയെ പിന്തുണയ്ക്കുന്ന വിഭാഗം യുണൈറ്റഡ് പാനലായും എതിർ പാനൽ പ്രോഗ്രസീവ് പാനൽ എന്ന പേരിലുമാണ് മത്സരിക്കുക. 1500ഓളം അംഗങ്ങളുള്ള ബഹ്റൈൻ കേരളീയ സമാജത്തിലെ തിരഞ്ഞെടുപ്പ് മലയാളികൾ ഒട്ടേറെ കൗതുകത്തോടും ആകാംക്ഷയോടെയുമാണ് ഉറ്റുനോക്കുന്നത്. സമാജത്തിലെ അംഗങ്ങൾക്കിടയിൽ രാഷ്ട്രീയ, ജാതി-മത സംഘടനാ ഗ്രൂപ്പുകൾ എല്ലാം ഓരോ വിഭാഗത്തെയും പിന്തുണയ്‌ക്കുന്നുണ്ട്. കൂടുതൽ പേരുടെ പിന്തുണ തേടി ഇരു വിഭാഗവും തിരഞ്ഞെടുപ്പ് ക്യാന്പയിനുകളും യോഗങ്ങളും ആരംഭിച്ചു കഴിഞ്ഞു. ഡമ്മി പത്രികകളടക്കം നിരവധി പത്രികകൾ സമർപ്പിക്കപ്പെട്ടിട്ടുള്ളതിനാൽ യഥാർത്ഥ മത്സരാർത്ഥികളെ അറിയണമെങ്കിൽ പത്രിക പിൻവലിക്കാനുള്ള തീയ്യതി കൂടി കഴിയണം.
യുണൈറ്റഡ് പാനലിൽ നിലവിലെ ഭരണ സമിതിയിലെ പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള മത്സര രംഗത്തുണ്ടാകുമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ മറ്റുള്ള സ്ഥാനങ്ങളിൽ പുതുമുഖങ്ങൾക്കും കഴിഞ്ഞ ഭരണ സമിതിയിൽ ഇല്ലാത്തവരുമായ മുൻ ഭാരവാഹികൾക്കും സീനിയർ അംഗങ്ങൾക്കുമാണ് അവസരം നൽകിയിട്ടുള്ളതെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. നിലവിലെ ഭരണ സമിതിയിൽ നിന്ന് രാജിവെച്ച് പുറത്തുപോയ മുൻ മെന്പർഷിപ്പ് സെക്രട്ടറി ജഗദീഷ് ശിവൻ, മുൻ എന്റർടെയിൻമെന്റ് സെക്രട്ടറി ശിവകുമാർ കൊല്ലറോത്ത് എന്നിവർ അടങ്ങിയ പാനലായിരിക്കും പ്രോഗ്രസീവ് പാനലിൽ രംഗത്തുണ്ടാവുക. മറ്റ് സ്ഥാനാർത്ഥികൾ ആരൊക്കെയെന്ന് അറിവായിട്ടില്ല. ഭരണ സമിതിയിൽ അസംതൃപ്തി രേഖപ്പെടുത്തിയവരും പല പ്രമുഖരും സീനിയർ അംഗങ്ങളും തങ്ങൾക്കൊപ്പം ഉണ്ടെന്ന് പ്രോഗ്രസീവ് പാനാൽ അവകാശപ്പെടുന്പോൾ നീണ്ട വർഷത്തെ ഭരണ പരിചയവും പുരോഗതിയും ഉയർത്തിക്കാണിച്ചുകൊണ്ട് തഴക്കവും പഴക്കവും ചെന്ന സംഘാടകരെ ആണിനിരത്തിയാണ് യുണൈറ്റഡ് പാനൽ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
തിരഞ്ഞെടുപ്പടുത്തതോടെ. സമാജത്തിലെ പല അംഗങ്ങൾ അടങ്ങുന്ന ഗ്രൂപ്പുകളിലും സംഘടനകളിലും വിള്ളൽ ഉണ്ടായിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും പെട്ടവർ ഇരുവിഭാഗത്തും നിലയുറപ്പിച്ചിട്ടുള്ളതിനാൽ ഒരു രാഷ്ട്രീയ തിരഞ്ഞെടുപ്പായി ഇത് മാറില്ലെന്നത് എല്ലാ അംഗങ്ങൾക്കും ആശ്വാസത്തിന് വക നൽകുന്നു. എല്ലാവരുടെയും പിന്തുണ തങ്ങൾക്കൊപ്പം ഉണ്ടാക്കി നിർത്തി പാനലിലെ മുഴുവൻ സ്ഥാനാർത്ഥികളെയും വിജയിപ്പിക്കാനുള്ള തന്ത്രങ്ങളാണ് ഇരുപാനലുകളും നടത്തിക്കൊണ്ടിരിക്കുന്നത്.