പഞ്ചാബ് നാഷണൽ ബാങ്കിന്റെ മുംബൈ ബ്രാഞ്ചിൽ 11,351 കോടി രൂപയുടെ തിരിമറി

മുംബൈ : പഞ്ചാബ് നാഷണൽ ബാങ്കിൽ (പി.എൻ.ബി) വൻ തട്ടിപ്പ്. ബാങ്കിന്റെ മുംബൈ ബ്രാഞ്ചിൽ 11,328 കോടി രൂപയുടെ (177 കോടി ഡോളർ) തട്ടിപ്പ് കണ്ടെത്തി. ബുധനാഴ്ചയാണ് പി.എൻ.ബി ഇക്കാര്യം പുറത്തുവിട്ടത്. ഇതോടെ പി.എൻ.ബിയുടെ ഓഹരിയിൽ വൻ ഇടിവ് നേരിട്ടു.
മുംബൈയിലെ ബ്രാഞ്ചിൽ ഇടപാടുകളിൽ തട്ടിപ്പ് നടത്തി വിദേശത്ത് നിന്ന് പണം പിൻവലിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. രാജ്യത്ത് സർക്കാർ നിയന്ത്രണത്തിലുള്ള രണ്ടാമത്തെ വലിയ ബാങ്കാണ് പി.എൻ.ബി. ആസ്തിയുടെ കാര്യത്തിൽ നാലാം സ്ഥാനത്തുമാണ്. ക്രമക്കേടിനു പിന്നിലുള്ള ആളുകളെ കുറിച്ച് പി.എൻ.ബി സൂചന നൽകിയിട്ടില്ല. എന്നാൽ ഇതു സംബന്ധിച്ച് നിയമ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾക്ക് റിപ്പോർട്ട് നൽകിയതായും ഇടപാടിന്റെ പേരിൽ എന്തെങ്കിലും ബാധ്യത ബാങ്കിനു നേരിടേണ്ടി വരുമോ എന്ന് പരിശോധിക്കുമെന്നും പി.എൻ.ബി അറിയിച്ചു.
ബാങ്കിന്റെ മുംബൈയിലെ ബ്രാഡി ഹൗസ് ശാഖയിലെ ഗോകുൽനാഥ് ഷെട്ടി, ഹനുമന്ത കാരാട്ട് എന്നീ ജീവനക്കാരുടെ സഹായത്തോടെ നിരവ് മോഡി, നിഷാൽ മോഡി, അമി നിരവ് മോഡി, മേഹുൽ ചിനുബായി ചോക്‌സി എന്നിവരുടെ ഉടമസ്ഥതയിലുള്ള കന്പനികളുടെ അക്കൗണ്ടുകളിലേക്കാണ് പണം പോയിരിക്കുന്നത്. അവർ ഈ പണം വിദേശത്തു പിൻവലിച്ചതായും വ്യക്തമായിട്ടുണ്ട്.