ചലച്ചിത്രവസന്തമൊരുക്കി 24 ഫ്രെയിംസ്


മനാമ: ബഹ്‌റൈനിലെ ചലച്ചിത്ര പ്രേമികളുടെ കൂട്ടായ്മയായ 24 ഫ്രെയിംസ് റീഡേഴ്‌സ്‌ ഫോറം ബഹ്‌റൈൻ സിനിമ ക്ലബ്ബുമായി ചേർന്ന് സംഘടിപ്പിച്ച ഇന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഇൻ ബഹ്‌റൈന്റെ സ്ക്രീനിങ് ശ്രദ്ധേയമായി. സ്‌ക്രീനിങ്ങിനോട് അനുബന്ധിച്ച് ഇന്ത്യൻ സിനിമയേക്കുറിച്ച് പ്രതിപാദിക്കുന്ന ഫോട്ടോ പ്രദർശനം, റെഡ് കാർപെറ്റ്, ഫിലിം ക്വിസ് തുടങ്ങിയവയും സംഘടിപ്പിച്ചു. 

ജി.സി.സി തലത്തിൽ പൂർണ്ണമായും പ്രവാസികളായ കലാകാരന്മാർ അണിയിച്ചൊരുക്കിയ ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള 20ൽപരം ഹൃസ്വ ചലച്ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചത്. കൂടാതെ ബഹ്‌റൈൻ സ്വദേശികളായ ചലച്ചിത്രകാരന്മാരുടെ ചിത്രങ്ങളും ജഡ്ജസ് ഫേവറേറ്റ്സ് ചിത്രങ്ങളും പ്രദർശിപ്പിച്ചു. പ്രശസ്ത സിനിമ സംവിധായകരായ ലാൽ ജോസ്, ഷാജൂൺ കാര്യാൽ, ബഹ്‌റൈൻ ടി.വി പ്രോഗ്രാം ഡയറക്ടറായ മുഹമ്മദ് ഇബ്രാഹിം, ചലച്ചിത്ര നിരൂപക മൻസൂറ അൽ ജമരി എന്നിവരാണ് ജൂറി അംഗങ്ങൾ. മികച്ച ചലച്ചിത്രം ഉൾപ്പടെ ഒൻപതിൽപരം കാറ്റഗറിയിൽ അവാർഡുകൾ നൽകും.

സ്‌ക്രീനിങ്ങിനോട് അനുബന്ധിച്ച് മികച്ച ചലച്ചിത്രം പ്രവചിച്ച പ്രേക്ഷകർക്കുള്ള സമ്മാനങ്ങൾ ഫെബ്രുവരി 16ന് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന അവാർഡ് നിശയിൽ നൽകും. മികച്ച ഹൃസ്വ ചലച്ചിത്രത്തിന് 1000 ഡോളർ സമ്മാനത്തുകയും ശില്പവും പ്രശസ്തി പത്രവും നൽകും. 24 ഫ്രെയിംസ് റീഡേഴ്‌സ്‌ ഫോറം ബഹ്‌റൈൻ പ്രസിഡണ്ട് അനീഷ് മടപ്പള്ളി, സെക്രട്ടറി ദേവൻ ഹരികുമാർ, ചീഫ്‌ കോ-ഓർഡിനേറ്റർ അരുൺകുമാർ ആർ.പിള്ള, ഫെസ്റ്റിവൽ കൺവീനർ രഞ്ജീഷ് മുണ്ടക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

You might also like

Most Viewed