യാചകരെ ബഹിഷ്കരിക്കരിക്കരുത്: ഉസ്താദ് ഫാഹിദ് കുമ്മനം നിസാമുദ്ദീൻ അസ്ഹരി

മനാമ: യാചകരെ ബഹിഷ്കരിക്കലും ആട്ടിയോടിക്കലും ഇസ്ലാമിക രീതിയല്ലെന്നും അത് വിശുദ്ധ ഖുർആന്‍റെ പ്രകടമായ ആഹ്വാനത്തിന് വിരുദ്ധമാണെന്നും പ്രമുഖ വാഗ്മിയും യുവ പണ്ധിതനുമായ ഉസ്താദ് ഹാഫിദ് കുമ്മനം നിസാമുദ്ദീൻ അസ്ഹരി അൽ ഖാസിമി പ്രസ്താവിച്ചു. സമസ്ത ബഹ്റൈന്റെ ഹൂറയിലെ മദ്രസയുടെ പതിനെട്ടാം വാർഷികത്തോടനുബന്ധിച്ച് നടന്ന മത പ്രഭാഷണ പരന്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന യാചകർക്കെതിരായ ബഹിഷ്കരണ ആഹ്വാനങ്ങളും സ്വന്തം വീടിന് മുന്നിൽ ബോർഡ് വെച്ച് യാചകരെ വിലക്കുന്ന ഏർപ്പാടുകളും വിശുദ്ധ ഖുർആനിന്‍റെ പ്രകടമായ കൽപ്പനയ്ക്ക് കടക വിരുദ്ധമാണെന്ന് അദ്ദേഹം വിശദീകരിച്ചു. യാചനയെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ ഒരാൾ യാചിച്ചു വന്നാൽ അവനെ ആട്ടിയോടിക്കരുത്.
നമ്മുടെ സന്പത്തിൽ പാവപ്പെട്ടവന് ഒരവകാശമുണ്ട്. അത് നൽകാൻ ഒരാൾ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ ആ വ്യക്തിയെ പോലും പിന്തിരിപ്പിക്കുന്ന രീതിയാണ് ഇന്ന് കണ്ടുവരുന്ന ബഹിഷ്കരണ ആഹ്വാനങ്ങൾ. അങ്ങിനെ ചെയ്യാൻ നമുക്ക് ഒരവകാശവുമില്ല.
സോഷ്യൽ മീഡിയയിലായാലും അല്ലെങ്കിലും ഒരു വിശ്വാസി അവന്‍റെ നാവും കണ്ണും കയ്യുമെല്ലാം നിയന്ത്രിക്കണമെന്നും മത വിരുദ്ധമായ ഒന്നും തന്‍റെ ജീവിതത്തിലെന്ന പോലെ സോഷ്യൽ മീഡിയ വഴിയും പ്രചരിക്കാതെ സൂക്ഷിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രഭാഷണ പരന്പരയുടെ രണ്ടാം ദിന പരിപാടികൾ ഉസ്താദ് അബ്ദുറഹ്മാൻ ദാരിമിയാണ് ഉദ്ഘാടനം ചെയ്തത്. ഉസ്താദ് സെയ്ദ് മുഹമ്മദ് വഹബി അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം സിഡി പ്രകാശനം സമസ്ത ഹൂറ ഏരിയ സ്ഥാപകനേതാവ് സൂപ്പി മുസ്ല്യാർ, അഹമ്മദ് ബോസ്നിയ ഗ്രൂപ്പിന് നൽകി നിർവ്വഹിച്ചു. സ്വാഗത സംഘം കൺവീനർ നൗഷാദ് അടൂർ സ്വാഗതവും ഇസ്മയിൽ സി.സി നന്ദിയും പറഞ്ഞു.a