പൊതു സ്ഥലങ്ങളിൽ സൗജന്യ വൈഫൈ

മനാമ: രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളിലും പൊതു ഇടങ്ങളിലും സൗജന്യ ഇന്റർനെറ്റ് വൈഫൈ സൗകര്യം ഏർപ്പെടുത്താൻ തീരുമാനമായി. ബഹ്‌റൈനിലുള്ള ഏതൊരു പൗരന്മാർക്കും ഈ സൗകര്യം ലഭ്യമാകും. രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികൾക്കും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ഈ സൗകര്യം അനുഗ്രഹമാകും. ബാറ്റിൽകോ ആണ് ഈ സൗകര്യം ഏർപ്പെടുത്തുന്നത്. ബാറ്റിൽകോയുടെ ഉപഭോക്താക്കൾക്ക് വൈഫൈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിൽ എത്തുന്പോൾ ഈ സൗകര്യം പ്രവർത്തന സജ്ജമാകും. മറ്റുള്ള ഉപഭോക്താക്കൾക്ക് പ്രത്യേക വെബ് പേജിൽ പോയതിന് ശേഷം വിശദവിവരങ്ങൾ നൽകിയാൽ മാത്രമേ ഈ സൗകര്യം ലഭ്യമാവകയുള്ളൂ.
നിലവിൽ സാക്കീറിലെ ഇന്റർനാഷണൽ സർക്യൂട്ട്, മുഹറഖിലെ സേഫ് മാൾ തുടങ്ങിയ ഇടങ്ങളിൽ സൗജന്യ വൈഫൈ സൗകര്യം ഉണ്ട്. അടുത്ത് തന്നെ പ്രിൻസ് ഖലീഫ പാർക്ക്, സാൻഡിലെ അൽ എസ്റ്റിക്ഖ് ലാൽ വാക്‌വേ, ധാരി പാർക്ക്, ടൂബ്ലി വാക് വേ, അണ്ടലാസ് ഗാർഡൻ, സൽമാനിയ പാർക്ക് തുടങ്ങിയ ഇടങ്ങളിലും സൗജന്യ വൈഫൈ സകാര്യം ലഭ്യമാക്കുമെന്ന് ബാറ്റിൽകോ ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ അറിയിച്ചു. രാജ്യത്തിന്റെ പുരോഗതിയോടൊപ്പം ബാറ്റിൽകോയും ഭാഗഭാക്കാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അറിയിച്ചു.
പൊതുഇടങ്ങളിൽ ഇന്റർനെറ്റ് സൗകര്യം വരുന്നതോടെ പല പ്രദേശങ്ങളും സജീവമാകും. പാർക്കുകളിലും മറ്റും ഈ സൗകര്യങ്ങൾ ഉപയോഗിക്കാനെത്തുന്നവരുടെ എണ്ണം വർദ്ധിക്കും. മുൻപ് ബഹ്‌റൈൻ ട്രാസ്പോർട്ട് ബസുകളിൽ ഈ സേവനം ഏർപ്പെടുത്തിയപ്പോൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് മാത്രം നിരവധി പേർ ബസുകളിൽ യാത്ര ചെയ്തിരുന്നു. വൈകാതെ തന്നെ രാജ്യത്തെ എല്ലായിടത്തും സൗജന്യ ഇന്റർനെറ്റ് സൗകര്യം നിലവിൽ വരുമെന്ന് പ്രതീക്ഷിക്കാം.