പ്രോ­ക്സി­ വോ­ട്ട് ആശങ്കയോ­ടെ­ പ്രവാ­സി­കൾ


മനാമ: ഏത് തിരഞ്ഞെടുപ്പായാലും നാട്ടിലുള്ളവരെക്കാൾ ആവേശം പ്രവാസികൾക്കാണ്. കോടിക്കണക്കിന് പ്രവാസി ഇന്ത്യക്കാരാണ് ഗൾഫ് മേഖലയിലടക്കമുള്ള വിവിധ വിദേശ രാജ്യങ്ങളിലുള്ളത്. പക്ഷേ, ഇവരിൽ ഭൂരിഭാഗം പേർക്കും രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്താൻ സാധിക്കാറില്ല. നാട്ടിലേയ്ക്ക് വരുന്നതിനാവശ്യമായ ഭീമമായ യാത്രച്ചിലവാണ് പ്രവാസികളെ തിരഞ്ഞെടുപ്പിൽ നിന്നും അകറ്റിനിർത്തുന്നത്. ചില പ്രവാസികളെ നാട്ടിലെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തത് വോട്ട് രേഖപ്പെടുത്തുന്നതിന് തടസ്സമായി. പ്രവാസികൾക്ക് പ്രോക്സി വോട്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതോടെ അവർക്ക് ഇനി മുതൽ തിരഞ്ഞെടുപ്പിൽ പ്രാതിനിധ്യം ലഭിക്കുവാനുള്ള അവസരം വന്നിരിക്കുകയാണ്. എങ്കിലും പ്രവാസികൾക്ക് വോട്ടവകാശം വേണമെന്ന നീണ്ട കാലത്തെ മുറവിളിക്ക് ശേഷം കേന്ദ്ര സർക്കാർ നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രോക്സി വോട്ട് പ്രവാസ ലോകത്ത് എത്രത്തോളം നടപ്പിലാവുമെന്നുള്ളത് സംബന്ധിച്ച് പരക്കെ ആശങ്കകൾ നില നിൽക്കുന്നു. 2017 ഓഗസ്റ്റ് മാസത്തിലാണ് പ്രോക്സി വോട്ട് എന്ന നിർദ്ദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചത്.

പ്രവാസികൾക്ക് വോട്ടവകാശം വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പൊതു പ്രവർത്തകൻ ഷംസീർ വയലിൽ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതി ആവശ്യപ്പെട്ടത് പ്രകാരമാണ് സർക്കാർ ഇത്തരമൊരു നടപടിയിലേയ്ക്ക് മുതിർന്നത്. പ്രവാസികൾക്ക് അവർ വോട്ടർ പട്ടികയിലുള്ള മണ്ധലങ്ങളിൽ വോട്ട് ചെയ്യാനാകുന്നില്ലെങ്കിൽ പകരം പ്രതിനിധിയെ നിയോഗിച്ച് വോട്ട് ചെയ്യാൻ അവസരം നൽകുന്നതാണ് പ്രോക്സി വോട്ടിങ്. ജനപ്രാതിനിധ്യ നിയമം കൂടി ഭേദഗതി ചെയ്യുന്നതോടെ ഈ നിയമം പ്രാബല്യത്തിലാകും. ഇന്ത്യയിൽ ഒന്നര വർഷത്തിനുള്ളിൽ നടക്കാനിരിക്കുന്ന ലോക സഭാ തിരഞ്ഞെടുപ്പിൽ തന്നെ ഈ പ്രോക്സി വോട്ട് പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ അണിയറയിൽ നടന്നുവരികയാണ്. പ്രോക്സി വോട്ട് പരക്കെ ദുരുപയോഗം ചെയ്യപ്പെടുമെന്നുള്ള ആശങ്കയാണ് പ്രവാസികൾ പങ്കു െവയ്‌ക്കുന്നത്.

വോട്ടർ പട്ടികയിൽ പേരുള്ള പ്രവാസിയുടെ അതേ മണ്ധലത്തിൽ വോട്ടുള്ള പ്രവാസി നിയോഗിക്കുന്ന ഒരു പ്രതിനിധിക്കാണ് വോട്ട് ചെയ്യാനാകുക. വോട്ട് ചെയ്യാൻ നിയോഗിക്കുന്ന പ്രതിനിധിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും വ്യക്തമാക്കി കൊണ്ട് തിരഞ്ഞെടുപ്പിന്റെ ആറ് മാസം മുൻപ് റിട്ടേണിങ് ഓഫീസർക്ക് അപേക്ഷ നൽകണം. ഈ അപേക്ഷ നാട്ടിൽ പ്രവാസി ഉള്ളപ്പോൾ നൽകണോ അതോ ഓൺലൈൻ വഴി സംവിധാനമുണ്ടാക്കുമോ എന്നുള്ള കാര്യം വ്യക്തമാക്കിയിട്ടില്ല. പ്രവാസി ഒരു തവണ നിയോഗിക്കുന്ന പ്രതിനിധിക്ക് തുടർന്നുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും അതേ പ്രവാസിക്ക് വേണ്ടി വോട്ട് ചെയ്യാൻ അവസരമുണ്ടാകുമെന്നാണ് നിയമത്തിൽ ഉള്ളത്. പ്രോക്സി വോട്ടിന്റെ പേരിൽ ആർക്കും ചാടിക്കയറി പ്രവാസിയുടെ പേരിൽ വോട്ട് ചെയ്യാൻ സാധിക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും ഇത് നടപ്പിലാക്കുന്പോൾ എത്രത്തോളം ആധികാരികത ഉണ്ടാകുമെന്നുള്ളത് കണ്ടറിയേണ്ടി വരുമെന്നാണ് പ്രവാസികൾ പറയുന്നത്. വോട്ടെടുപ്പ് നടക്കുന്ന ദിവസം നാട്ടിലുണ്ടാകില്ലെന്ന് ഉറപ്പായ പ്രവാസി ഇതിന് മാസങ്ങൾക്ക് മുൻപേ റിട്ടേണിങ് ഓഫീസർക്ക് പ്രതിനിധിയാരെന്ന് വ്യക്തമാക്കി പ്രോക്സി വോട്ടിന് അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ നൽകണം. പ്രവാസി അപേക്ഷയോടൊപ്പം നിർദ്ദേശിച്ചിട്ടുള്ള വ്യക്തിക്ക് മാത്രമേ അദ്ദേഹത്തിന്റെ പ്രതിനിധിയായി വോട്ട് രേഖപ്പെടുത്താൻ സാധിക്കുകയുള്ളൂ. 

പ്രോക്സി വോട്ടിന് പകരം ഇപ്പോൾ രാജ്യത്തെ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നവർക്ക് നൽകി വരുന്ന തപ്പാൽ വോട്ട് സംവിധാനമാണ് നല്ലതെന്ന് ബഹ്‌റൈനിലെ മുതിർന്ന പൊതുപ്രവർത്തകൻ സി.വി നാരായണൻ പറഞ്ഞു. പ്രോക്സി വോട്ട് സംവിധാനം പരക്കെ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്ന് അദ്ദേവും അഭിപ്രായപ്പെടുന്നു. അല്ലെങ്കിൽ തിരഞ്ഞെടുപ്പ് സമയത്ത് നാട്ടിൽ എത്തുന്ന പ്രവാസിക്ക് വോട്ട് ചെയ്യാനുള്ള സംവിധാനമാണ് നടപ്പിൽ വരുത്തേണ്ടത്. പല പ്രവാസികൾക്കും നാട്ടിലെത്തിയാൽ ഇപ്പോൾ വോട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എത്ര അടുപ്പം ഉണ്ടായാലും വോട്ട് ചെയ്യാൻ ചുമതലപ്പെടുത്തുന്ന ആളിന്റെ രാഷ്ട്രീയമാണ് പ്രോക്സി വോട്ടിൽ പ്രകടമാവുകയെന്നും ഇത് ശരിയായ ജനാധിപത്യ രീതി അല്ലെന്നും പ്രവാസികളിൽ അഭിപ്രായമുണ്ട്.

നിലവിൽ വോട്ടർ പട്ടികയിൽ പേരുണ്ടായിട്ടും ശരാശരി പതിനായിരം മുതൽ പന്ത്രണ്ടായിരം വരെ പ്രവാസികൾ മാത്രമേ വോട്ടെടുപ്പ് സമയത്ത് നാട്ടിലെത്തുന്നുള്ളൂ. അവരിൽ പലർക്കും വോട്ട് ചെയ്യാനും കഴിയുന്നില്ല. പ്രോക്സി വോട്ട് നിലവിൽ വന്നാൽ വിദേശ രാജ്യങ്ങളിലുള്ള പോഷക സംഘടനകളുടെ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനും, രേഖകൾ ശരിയാക്കുന്നതിനും പ്രവാസികൾക്ക് സഹായം നൽകാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും മുന്നിട്ടിറങ്ങുമെന്നുള്ള കാര്യം തീർച്ചയാണ്.

You might also like

Most Viewed